ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകരുതെന്ന് കോടതിയിൽ വാദിച്ച് പ്രോസിക്യൂഷൻ ; പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയെന്ന് പ്രതിഭാഗം

ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കി. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോള്‍ പരാതിക്കാരിക്കെതിരെ ആരോപണം ഉന്നയിച്ചും ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. രൂക്ഷമായ വാദ പ്രതിവാദമാണ് കോടതിയിൽ നടന്നത്. ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിൽ വിടണോ റിമാന്‍ഡ് ചെയ്യണോ അതോ ജാമ്യം നൽകണോയെന്ന കാര്യത്തിൽ കോടതി അൽപ്പസമയത്തിനകം വിധി പറയും.

പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയാണെന്ന് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ അഡ്വ.രാമൻ പിള്ള വാദിച്ചു. മുഴുനീളം സമൂഹമാധ്യമങ്ങളിൽ, വാർത്തകളിൽ നിറഞ്ഞ് നിന്ന് പബ്ലിസിറ്റി നൽകുകയാണെന്നും ആരോപിച്ചു. എന്നാൽ, ബോബി ചെമ്മണ്ണൂര്‍ ചെയ്തത് ഗുരുതര കുറ്റമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ശരീരത്തിൽ പരിക്കുണ്ടോയന്ന് മജിസ്ട്രേറ്റ് ചോദിച്ചപ്പോള്‍ രണ്ടു ദിവസം മുമ്പ് വീണിരുന്നുവെന്നും അതിന്‍റെ പരിക്കുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും അള്‍സര്‍ രോഗിയാണ് താനെന്നും ബോബി പറഞ്ഞു.

ഡിജിറ്റൽ തെളിവുകള്‍ അടക്കം പരിശോധിക്കണമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.ബോബി ചെയ്തത് ഗൗരവമേറിയ കുറ്റമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. രാത്രിയിൽ ഉന്നയിക്കുന്ന വീഡിയോ പരാതിക്കാരി തന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.എന്നാൽ, ഈ ഘട്ടത്തിൽ വീഡിയോ കാണേണ്ട ആവശ്യമില്ലെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. പ്രതിഭാഗത്തോട് വാദം തുടരാനും ആവശ്യപ്പെട്ടു. വ്യാജ ആരോപണമാണെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമെന്നും അഡ്വ. രാമൻപിള്ള വാദിച്ചു.

കുന്തി ദേവി പരാമർശത്തിന് ശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നു. അതിന്‍റെ തെളിവാണ് വീഡിയോ എന്നും അഭിഭാഷകൻ വാദിച്ചു. ശരീരത്തിൽ സ്പർശിച്ചു എന്ന് പറയുന്നത് തെറ്റെന്നും ബോബി. 30 മണിക്കൂർ ആയി പൊലീസിന്‍റെ കസ്റ്റഡിയിലാണ്. ഫോണും കസ്റ്റഡിയിലെടുത്തു. ഫോണുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. അതിന്‍റെ ഫലം വരുന്നതിന് മുമ്പ് ജാമ്യം നൽകിയാൽ എങ്ങനെ കേസിനെ ബാധിക്കും എന്നാണ് പ്രോസിക്യൂഷൻ പറയുന്നത്?

റിമാന്‍ഡ് ഈ ഘട്ടത്തിൽ ആവശ്യം ആണോ എന്നാണ് പരിശോധിക്കുന്നത് എന്ന് മജിസ്‌ട്രേറ്റ് മറുപടി നൽകി. കേസിന്‍റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും കോടതി പറഞ്ഞു.ഡിജിറ്റൽ തെളിവുകൾ മേൽ കോടതികൾ അടക്കം പരിശോധിക്കാറുണ്ടെന്നും പ്രതിഭാഗം പറഞ്ഞു. റിമാന്‍ഡ് ചെയ്യേണ്ടതില്ലെന്നും ഫോണ്‍ കസ്റ്റഡിയിലുണ്ടെന്നും എന്തെങ്കിലും വിവരം വേണമെങ്കിൽ വിളിപ്പിച്ചാൽ മതിയെന്നും ബോബി ചെമ്മണ്ണൂര്‍ ആവശ്യപ്പെട്ടു.

പരാതിക്കാരിയുടെ പരാതി കോടതിയിൽ പ്രോസിക്യൂഷൻ വായിച്ചു കേള്‍പ്പിച്ചു. പ്രതി മനപൂര്‍വം നടത്തിയ കുറ്റമാണിത്. ക്ഷണിതാവ് ആയതുകൊണ്ടാണ് അന്ന് പരാതിക്കാരി പ്രതികരിക്കാതിരുന്നത്. എന്നാൽ, നടി നടന്മാരുടെ സംഘടന അമ്മ ബോബിയുടെ മാനേജറോട് പ്രതിഷേധം അറിയിച്ചിരുന്നു. മറ്റു പരിപാടികള്‍ക്ക് ക്ഷണം ലഭിച്ചപ്പോള്‍ നിരസിച്ചു. എന്നാൽ, അഭിമുഖങ്ങള്‍ വഴി ബോബി ചെമ്മണ്ണൂര്‍ അധിക്ഷേപം തുടര്‍ന്നു.സമൂഹത്തിലെ ഉന്നത സ്ഥാനത് ഉള്ള വ്യക്തിക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കും. ജാമ്യം അനുവദിച്ചാൽ സമൂഹമാധ്യമങ്ങൾ വഴി മോശം പരാമർശം നടത്തുന്നവർക്ക് പ്രോത്സാഹനമാകും. സാക്ഷികളെ സ്വാധീനിക്കും.രാതിയിൽ പറയുന്ന ദിവസം തന്നെ പരാതിക്കാരി മാധ്യമങ്ങളെ കണ്ടിരുന്നുവെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *