ആദ്യമായിട്ടൊരു സെലബ്രിറ്റിയുടെ കൂടെ സ്റ്റേജ് ഷെയർ ചെയ്യുന്നത് ജയേട്ടനൊപ്പമാണ്; മലയാള ചലച്ചിത്ര ശാഖയ്ക്ക് പി ജയചന്ദ്രന്റെ വിയോഗം വലിയ നഷ്ടം; കെഎസ് ചിത്ര

മലയാളിയുടെ ഭാവ​ഗായകൻ പി ജയചന്ദ്രന്റെ വിയോ​ഗത്തിൽ വിങ്ങിപ്പൊട്ടി സംഗീതലോകം. വളരെയധികം സങ്കടത്തോടെയാണ് വാർത്ത അറിഞ്ഞതെന്ന് ​ഗായിക കെഎസ് ചിത്ര. വയ്യാതിരിക്കുന്നു എന്ന് അറിഞ്ഞ സമയത്ത് മൂന്ന് തവണ ജയേട്ടനെ കാണാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ സന്ദർശകരെ അനുവദിക്കാത്തതിനാൽ അതിന് സാധിച്ചില്ലെന്നും വളരെയധികം സങ്കടത്തോടെ പറയുകയാണ് കെ എസ് ചിത്ര. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ശാഖയ്ക്ക് വലിയ നഷ്ടമാണെന്നും ചിത്ര പറഞ്ഞു.

‘ആദ്യമായിട്ടൊരു സെലബ്രിറ്റിയുടെ കൂടെ സ്റ്റേജ് ഷെയർ ചെയ്യുന്നത് ജയേട്ടനൊപ്പമാണ്. എൺപതുകളിലാണ് അദ്ദേഹത്തിനൊപ്പം പരിപാടികളിൽ പങ്കെടുക്കുന്നത്. എന്റെ വീട്ടിൽ വന്നിരുന്ന് ഒരുപാട് നേരം സംസാരിച്ചിരുന്നിട്ടുണ്ട്. ഞാന്‍ ഭക്ഷണമുണ്ടാക്കി കൊടുത്തിട്ടുണ്ട് റാഫി സാറും സുശീലാമ്മയുമാണ് അദ്ദേഹത്തിന്റെ ഏറ്റവുമിഷ്ടപ്പെട്ട പാട്ടുകാർ. അവരെക്കുറിച്ച് വാതോരാതെ സംസാരിക്കും. പാട്ടുകളെക്കുറിച്ച് സംസാരിക്കുന്നതാണ് ഏറെയിഷ്ടം. പെങ്ങൾ മരിച്ചുപോയ സമയത്ത് പറഞ്ഞു, ഞാനാ സ്ഥാനത്താണ് നിന്നെ കാണുന്നതെന്ന് പറഞ്ഞു. അസുഖമാണെന്ന് അറിഞ്ഞിട്ട് ഞാന്‍ മൂന്നോ നാലോ തവണ കാണാന്‍ ശ്രമിച്ചിരുന്നു.

പക്ഷേ അന്ന് സന്ദര്‍ശകരെ അനുവദിക്കാത്തതിനാ‍ല്‍ എനിക്ക് കാണാന്‍ സാധിച്ചില്ല, ഞാന്‍ ശ്രമിക്കാഞ്ഞിട്ടല്ല. കാണാൻ ശ്രമിച്ചിട്ടും അതിന് സാധിച്ചില്ല, അതെനിക്കൊരു വലിയ സങ്കടം തന്നെയാണ്. അദ്ദേഹത്തിന്‍റെ വിയോഗം മലയാള ചലച്ചിത്ര ശാഖയ്ക്ക് വലിയ നഷ്ടമാണ് ‘ ചിത്രയുടെ വാക്കുകൾ. 

Leave a Reply

Your email address will not be published. Required fields are marked *