വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് സഹായിക്കുന്നവർക്ക് 215 കോടി രൂപ;  പാരിതോഷിക തുക കൂട്ടി അമേരിക്ക

വെനസ്വേല പ്രസിഡന്റ്  നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് ഉതകുന്ന വിവരങ്ങൾ നൽകുന്നവർക്കുള്ള പാരിതോഷിക തുക കൂട്ടി അമേരിക്ക. മൂന്നാമതും അധികാരമേറ്റതിന് പിന്നാലെയാണ് അമേരിക്ക നിക്കോളാസ് മദൂറോയുടെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങൾക്കുള്ള പ്രതിഫല തുക 25 മില്യൺ ഡോളറായി (2154886335 രൂപ) ഉയർത്തിയത്.

രാജ്യാന്തര തലത്തിൽ മദൂറോയ്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് മദൂറോ മൂന്നാമതും അധികാരമേൽക്കുന്നത്. ആഭ്യന്തര മന്ത്രി  ഡിയോസ്ഡാഡോ കാബെല്ലോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾക്കും പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ആഭ്യന്തര മന്ത്രി വ്ലാദിമിർ പഡ്രിനോയ്ക്കെതിരായ വിവരങ്ങൾക്ക് 15 മില്യൺ ഡോളർ(1292931801രൂപ) ആണ് പ്രതിഫലമായി പ്രഖ്യാപിച്ചിട്ടുള്ളത്. 

അതിനിടെ വെനസ്വേലയുടെ പ്രധാനപ്പെട്ട 15 ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ജഡ്ജുമാർ, സൈനിക ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് ബ്രിട്ടന്റെ ഉപരോധം. ജനാധിപത്യത്തിന് തുരങ്കം വച്ചതിന്റെ പേരിലും മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലുമാണ് ഉപരോധമെന്നാണ് ബ്രിട്ടൻ വിശദമാക്കുന്നത്. തട്ടിപ്പുകളിലൂടെയാണ് മദൂറോ മൂന്നാം തവണയും അധികാരത്തിലെത്തിയതെന്നാണ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി ആരോപിക്കുന്നത്. 

വെള്ളിയാഴ്ച യൂറോപ്യൻ യൂണിയനും വെനസ്വേലയ്ക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. നിയമ വാഴ്ചയും ജനാധിപത്യവും പുനസ്ഥാപിക്കുന്നത് വരെയാണ് ഈ നിയന്ത്രണങ്ങളെന്നാണ് യൂറോപ്യൻ യൂണിയൻ വിശദമാക്കുന്നത്. കാനഡയും വെനസ്വേലയ്ക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം നിരന്തരം തള്ളുകയാണ് മദൂറോ ചെയ്യുന്നത്. പ്രതിപക്ഷമാണ് ഉപരോധങ്ങൾക്ക് പിന്നിലെന്നാണ് മദൂറോയുടെ വാദം. 2020ൽ അമേരിക്ക മദൂറോയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ മയക്കുമരുന്ന് തീവ്രവാദം എന്നിവയുള്ള രാജ്യമായി മുദ്രകുത്തിയിരുന്നു. അമേരിക്കയിലേക്ക് കൊക്കെയ്ൻ ഒഴുക്കി രാജ്യത്തെ പൌരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്നതായിരുന്നു അമേരിക്കൻ നടപടിക്ക് പിന്നിൽ. കഴിഞ്ഞ വർഷം മുതൽ അമേരിക്ക വെനസ്വേലയ്ക്കെതിരായ ഇന്ധന ഉപരോധം പുനസ്ഥാപിച്ചിരുന്നു. 

വെള്ളിയാഴ്ച മദൂറോ വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെയാണ് അമേരിക്ക പ്രതിഫലം വർധിപ്പിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പ് അന്താരാഷ്ട്ര സമൂഹം തള്ളിയിരുന്നു. വെനസ്വേലയുടെ അയൽരാജ്യമായ ബ്രസീൽ, കൊളംബിയ അടക്കമുള്ള രാജ്യങ്ങൾ ഈ തെരഞ്ഞെടുപ്പ് തള്ളിയിരുന്നു. നിലവിൽ ഇറാൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി ബന്ധങ്ങളുണ്ടെങ്കിലും വലിയ രീതിയിൽ ഒറ്റപ്പെട്ട് തന്നെയാണ് വെനസ്വേലയുള്ളത്. മദൂറോയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത വിദേശ നേതാക്കൾ ക്യൂബയുടേയും നിക്കരാഗ്വയിലേയും പ്രസിഡന്റുമാർ മാത്രമായിരുന്നു. 51.2 ശതമാനം വോട്ടുകളുടെ പിന്തുണയോടെയാണ് 62കാരനായ നിക്കോളാസ് മദൂറോയ്ക്ക്  മൂന്നാമൂഴം ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *