സിപിഎമ്മിലെ ഉന്നത നേതാക്കൾ പറഞ്ഞിട്ടാണ് പൊലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ പരസ്യമായി പ്രതികരിച്ചതെന്ന് രാജിവെച്ച നിലമ്പൂർ എംഎൽഎ പി വി അൻവർ. പിന്നീട് ആ നേതാക്കൾ ഫോൺ എടുത്തില്ല. അവർ ആരാണെന്ന് പറയുന്നില്ലെന്നും അൻവർ വിശദീകരിച്ചു.
സുജിത് ദാസ് എസ്പിയായിരുന്ന കാലത്ത് മലപ്പുറം ജില്ലയിൽ ഏകപക്ഷീയമായി ഒരു സമുദായത്തെ ക്രിമിനലുകളായി ചിത്രീകരിക്കുന്ന നിലപാട് സ്വീകരിച്ചെന്ന് അൻവർ ആരോപിക്കുന്നു. ബൈക്കിൽ മൂന്ന് പേർ സഞ്ചരിച്ചാൽ മൂന്ന് പേരുടെയും പേരിൽ കേസെടുക്കുന്നത് പോലുള്ള നടപടികൾ സ്വീകരിച്ചു. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അടക്കമുള്ളവരെ അറിയിച്ചതാണ്.
ഈ വിഷയങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടും ഒരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തിലാണ്, ഉത്തരവാദപ്പെട്ട സിപിഎം നേതാക്കളുടെ നിർദേശ പ്രകാരം പരസ്യമായി പ്രതികരിച്ചത്. പി ശശിയെയും അജിത് കുമാറിനെയും നിർത്തി മുന്നോട്ടുപോയാൽ പാർട്ടിയുണ്ടാവില്ലെന്ന് അവർ പറഞ്ഞു. ‘നിങ്ങൾ തുറന്നു പറയണം ഞങ്ങളെല്ലാവരും കൂടെയുണ്ടാകു’ മെന്ന് ഉന്നത നേതാക്കൾ പറഞ്ഞു. പിന്നീട് ഒരു ഘട്ടത്തിൽ ഇതേ നേതാക്കൾ പിന്മാറിയെന്നും താൻ വിളിച്ചാൽ ഫോണെടുക്കാതെ ആയെന്നും അൻവർ പറയുന്നു.