എൻഎം വിജയന്റെ ആത്മഹത്യ; കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ ശനിയാഴ്‌‌ച പരിഗണിക്കും

എൻ എം വിജയന്റെ ആത്മഹത്യയിലെടുത്ത കേസിൽ കോൺഗ്രസ്‌ നേതാക്കളുടെ ജാമ്യപേക്ഷയിൽ വിധി ശനിയാഴ്‌ച. സുൽത്താൻബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണൻ, ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. കൽപറ്റ സെഷൻസ് കോടതിയാണ് വിധി പറയുക.

കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് വ്യക്തമാണെന്നും ആത്മഹത്യാക്കുറിപ്പ് പ്രധാന തെളിവാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ആത്മഹത്യാക്കുറിപ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്നും ചില വരികള്‍ വെട്ടിയ നിലയിലാണെന്നും പ്രതിഭാഗവും വാദിച്ചു. വിജയന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട മൂന്ന് കേസുകളും ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും.

താളൂര്‍ സ്വദേശി പത്രോസ്, മാളിക സ്വദേശി പുത്തന്‍ പുരയില്‍ ഷാജി ,പുല്‍പ്പള്ളി സ്വദേശി സായൂജ് എന്നിവര്‍ നല്‍കിയ സാമ്പത്തിക പരാതികളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. ഐസി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *