‘നിങ്ങൾ പ്രജ്വൽ രേവണ്ണയായത് കൊണ്ട് നിയമം മാറ്റാനൊന്നും പറ്റില്ല’; ഡിജിറ്റൽ തെളിവുകൾ പ്രതിഭാഗത്തിന് കൈമാറാനാകില്ല: പ്രജ്വൽ രേവണ്ണയുടെ ഹർജിയിൽ ഹൈക്കോടതി

പ്രജ്വൽ രേവണ്ണയുടെ ഹർജിയിൽ നടിയെ ആക്രമിച്ച കേസ് ചൂണ്ടിക്കാണിച്ച് കർണാടക ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. കേസിലെ എല്ലാ ഇലക്ട്രോണിക് തെളിവുകളും നൽകണമെന്ന് കാട്ടി പ്രജ്വൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലെ വിധിയിലാണ് ഹൈക്കോടതി നടിയെ ആക്രമിച്ച കേസ് പരാമർശിക്കുന്നത്. കേസിലെ ഡിജിറ്റൽ തെളിവുകൾ പ്രതിഭാഗത്തിന് കൈമാറാനാകില്ലെന്ന് ഹൈക്കോടതി.

ഒരേയൊരു കേസിലെ ഡിജിറ്റൽ തെളിവുകൾ കോടതിയുടെ സാന്നിധ്യത്തിൽ പ്രജ്വലിന്‍റെ അഭിഭാഷകർക്ക് പരിശോധിക്കാം. നടിയെ ആക്രമിച്ച കേസിലെ സുപ്രീംകോടതി വിധി പരാമർശിച്ചാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സുപ്രധാനവിധി. ‘നിങ്ങൾ പ്രജ്വൽ രേവണ്ണയായത് കൊണ്ട് നിയമം മാറ്റാനൊന്നും പറ്റില്ല’ എന്നാണ് കോടതി വിശദമാക്കിയത്.

വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിലെ ഡിജിറ്റൽ തെളിവുകൾ കാണാനേ അനുവദിക്കൂ എന്ന് കോടതി. അതും പ്രോസിക്യൂഷൻ കേസിൽ തെളിവായി ഉപയോഗിച്ച ദൃശ്യങ്ങൾ മാത്രമേ കാണാൻ അനുവദിക്കൂ. പ്രജ്വലിനെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്ന മറ്റ് കേസുകളിലെ ഇലക്ട്രോണിക് തെളിവുകൾ കാണാനോ കൈമാറാനോ അനുമതി നൽകില്ലെന്നും കോടതി വിശദമാക്കി.

തെളിവ് കൈമാറണമെന്ന പ്രജ്വലിന്‍റെ ആവശ്യം പൂർണമായി തള്ളിക്കളയുന്നുവെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരുടെയും അതിജീവിതകളുടെയും സ്വകാര്യത പരമ പ്രധാനമെന്നും കോടതി വ്യക്തമാക്കി. പ്രജ്വലിന്‍റെ ഫോണിൽ നിന്ന് 70 സ്ത്രീകളുടെ ആയിരക്കണക്കിന് സ്വകാര്യദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തിരുന്നത്. 

രാജ്യത്തെ ഞെട്ടിയ ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണയെ അന്വേഷണ സംഘം മെയ് മാസത്തിലാണ് അറസ്റ്റ് ചെയ്തത്. കേസിനും വിവാദത്തിനും പിന്നാലെ രാജ്യം വിട്ട പ്രജ്വൽ, രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഫലമായി ജർമനിയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *