സെയ്ഫ് അലിഖാനെ വീട്ടിൽക്കയറി ആക്രമിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

നടൻ സെയ്ഫ് അലിഖാനെ വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. വെള്ളിയാഴ്ച രാവിലെ ഇയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കസ്റ്റഡിയിലുള്ള വ്യക്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല. വ്യാഴാഴ്ച നടന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത് ഇയാളാണോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല.

വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സെയ്ഫിന്റെ ബാന്ദ്ര വെസ്റ്റിലെ സദ്‌ഗുരു ശരൺ കെട്ടിടത്തിൽ വെച്ച് നടൻ ആക്രമിക്കപ്പെടുന്നത്. ​ഗുരുതരപരിക്കേറ്റ് ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള താരം അപകടനില തരണംചെയ്തതായി ഡോക്ടർമാർ അറിയിച്ചു. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളേറ്റിട്ടുണ്ട്. ഇതിൽ നട്ടെല്ലിനടക്കമുള്ള രണ്ടുപരിക്കുകൾ ഗുരുതരമാണ്. നട്ടെല്ലിൽനിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെ നീക്കിയതായി ആശുപത്രി സി.ഇ.ഒ. ഡോ. നീരജ് ഉത്തമാനി വ്യക്തമാക്കിയിരുന്നു. പ്രതിയെ വ്യാഴാഴ്ച തന്നെ തിരിച്ചറിഞ്ഞു. അക്രമി ഒരുകോടി രൂപ ആവശ്യപ്പെട്ടതായി സെയ്ഫ് അലിഖാന്റെ കുട്ടികളുടെ പരിചരണത്തിന് നിയോഗിച്ചിട്ടുള്ള നഴ്‌സ് ഏലിയാമ്മ ഫിലിപ്പ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *