നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരു മരണം: ഒട്ടേറെപ്പേർക്ക് പരുക്ക്

നെടുമങ്ങാട് പഴകുറ്റി –വെമ്പായം റോഡിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. ഒട്ടേറെ പേർക്ക് പരുക്ക്. കാവല്ലൂർ സ്വദേശിനി ദാസിനി (60) ആണ് മരിച്ചത്. ഇരിഞ്ചയം പടിക്കെട്ട് മാമൂടിന് സമീപത്തെ കെ‍ാടുംവളവിൽ ഇന്നലെ രാത്രി 10.20 ഓടെ അപകടമുണ്ടായത്.

49 പേർ ബസിൽ ഉണ്ടായിരുന്നതായി ആണ് വിവരം. സാരമായ പരുക്കേറ്റ 20 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ശേഷിച്ചവരെ നെടുമങ്ങാട് ജില്ലാ ആശുപത്രി, കന്യാകുളങ്ങര ആശുപത്രി എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു. 4 പേർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബസിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഉണ്ടായിരുന്നു.

ഒറ്റശേഖരമംഗലം പഴഞ്ഞിപ്പാറയിൽനിന്ന് മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് പോയ കുടുംബങ്ങളായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാർ, ഫയർഫോഴ്സ്, പെ‌ാലീസ് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അമിതവേഗത്തിലായിരുന്നു ബസ് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

മന്ത്രിമാരായ ജി.ആർ.അനിൽ, വീണാ ജോർജ് എന്നിവർ പരുക്കേറ്റവരുടെ ചികിത്സ നൽകുന്നതിന് ആശുപത്രികൾക്ക് അടിയന്തര നിർദേശം നൽകി. ഇരിഞ്ചയവും സമീപ പ്രദേശങ്ങളും സ്ഥിരം അപകടമേഖലയാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബസ് ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *