‘കേസ് പിണറായിയെ വിമർശിച്ചതിലുള്ള വേട്ടയാടൽ’; ആലുവയിലെ ഭൂമി പണം നൽകി വാങ്ങിയതെന്ന് പി.വി അൻവർ

ആലുവയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പി വി അൻവർ. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിലുള്ള വേട്ടയാടലാണിത്. വിജിലൻസ് അന്വേഷണം നടക്കട്ടെ. ആരോപണം അടിസ്ഥാനരഹിതമാണ്. പണം നൽകി വാങ്ങിയ സ്ഥലമാണ്. അവിടെയുള്ള കെട്ടിടം ആര് വിചാരിച്ചാലും പൊളിച്ച് നീക്കാൻ കഴിയില്ല. ഇതെല്ലാം പ്രതീക്ഷിച്ചാണ് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് എന്തിനാണ് ബ്രൂവറിയെന്ന് അദ്ദേഹം ചോദിച്ചു. നാടാകെ മയക്ക് മരുന്നാണ്. ആരാണ് ഇതിനെ എതിർക്കേണ്ടതെന്ന് ചോദിച്ച അദ്ദേഹം എല്ലാത്തിൻ്റെയും പിന്നിൽ അഴിമതിയാണെന്നും കുറ്റപ്പെടുത്തി. പാലക്കാട് ബ്രൂവറി ഒരു കമ്പനിക്ക് മാത്രം എങ്ങനെയാണ് നൽകുക? ഇത് സംബന്ധിച്ച രേഖകൾ സഹിതം നാളെ വാർത്ത സമ്മേളനം നടത്തും.

ടിഎംസി സംസ്ഥാന പ്രസിഡന്റ്‌ സിജി ഉണ്ണിയുടെ പ്രസ്താവന പാർട്ടി ദേശീയ നേതൃത്വം മറുപടി പറയും. നിലവിൽ കേരളത്തിൽ ടിഎംസിക്ക് ഒരു കമ്മിറ്റിയും ഇല്ല. കേരള കോർഡിനേറ്റർ സ്ഥാനത്ത് താൻ മാത്രമാണുള്ളത്. വേറെ ഒരു ഘടകവും നിലവിലില്ല. യുഡിഎഫ് പ്രവേശനത്തിന് കത്ത് നൽകിയിട്ട് മൂന്ന് ദിവസം മാത്രമേ ആയുള്ളൂ. പിന്നീട് യുഡിഎഫ് യോഗം ചേർന്നിട്ടില്ല. യോഗം ചേർന്ന ശേഷം നോക്കാമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *