‘വോട്ടർ പട്ടികയിൽ പേരില്ല’; വോട്ട് ചെയ്യാതെ മടങ്ങി ഉത്തരാഖണ്ഡിൽ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട് ചെയ്യാൻ സാധിക്കാതെ മടങ്ങി.

തെരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്യാൻ എത്തിയ ഹരീഷിനോട് വോട്ടർ ലിസ്റ്റിൽ പേര് ചേർത്തിട്ടില്ലാത്തതിനാൽ വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും ഇനിയൊന്നും ചെയ്യാൻ പറ്റില്ലെന്നുമാണ് അധികൃതർ പറഞ്ഞത്.

2009ൽ തുടങ്ങി 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഏപ്രിൽ-ജൂൺ മാസത്തിൽ നടന്ന പാർലമെന്ററി തെരഞ്ഞടുപ്പിലും ഡെറാഡൂണിലെ നിരഞ്ജൻപൂരിൽ നിന്നും വോട്ട് ചെയ്തയാളാണ് ഹാരിഷ്. 

“രാവിലെ മുതൽ ഞാൻ കാത്തിരിക്കുകയാണ്. എന്റെ പേര് വോട്ടർ പട്ടികയിൽ കാണുന്നില്ല. ലിസ്റ്റിൽ നിന്നും പേര് വെട്ടിയതിന് പിന്നിൽ ബിജെപിയുടെ കരങ്ങളാണെന്ന് എനിക്കറിയാം. ഈ വിഷയത്തിൽ ഞാൻ കുറച്ചുകൂടെ ജാഗ്രത പുലർത്തണമായിരുന്നു”-ഹരീഷ് പറഞ്ഞു. ഇതേ സംബന്ധിച്ച് സംസ്ഥാന ഇലക്ഷൻ കമ്മിഷന് പരാതി നൽകിയപ്പോഴും സിസ്റ്റം സർവറിന്റെ തകരാറുകൊണ്ടാവാം വോട്ട് ചെയ്യാൻ സാധിക്കാത്തതെന്നായിരുന്നു വിശദീകരണം നൽകിയത്. 

ഉത്തരാഖണ്ഡിലെ 11 തദ്ദേശ നഗരസഭകളിലും, 43 തദ്ദേശ കൗൺസിലുകളിലും, 46 പഞ്ചായത്തുകളിലുമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം എല്ലാ വോട്ടർമാരും ബിജെപിക്ക് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *