നീണ്ട 15 വർഷത്തെ ഇടവേളക്കുശേഷം ഒരു സൗദി മന്ത്രി ലബനാൻ മണ്ണിൽ. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യാഴാഴ്ച വൈകീട്ട് ബൈറൂത്തിലെത്തി ലബനാൻ പ്രസിഡന്റ് ജോസഫ് ഔണുമായി വിശദ ചർച്ചയും നടത്തി. ബൈറൂത്തിലെ ബബ്ദ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. പശ്ചിമേഷ്യൻ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ലബനാനുള്ള സൗദി അറേബ്യയുടെ തുടർച്ചയായ പിന്തുണയും ചർച്ചാവിഷയങ്ങളായി.
ലബനാന്റെ പ്രദേശങ്ങളിൽനിന്നും ഇസ്രായേൽ അധിനിവേശ സേനയെ പൂർണമായി പിൻവലിക്കുന്നതുൾപ്പെടെ വെടിനിർത്തൽ കരാർ പാലിക്കേണ്ടതിന്റെ പ്രാധാന്യം സൗദി മന്ത്രി ഊന്നിപ്പറഞ്ഞു. സൗദി അറേബ്യ ലബനാനും ആ ജനങ്ങൾക്കുമൊപ്പം നിലകൊള്ളുമെന്ന് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്കുശേഷം വാർത്താസമ്മേളനത്തിൽ അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. ലബനാനിലെ സാഹചര്യങ്ങളെ ശുഭാപ്തിവിശ്വാസത്തോടെ കാണുന്നു. ഭരണ, നയ തലങ്ങളിൽ ലബനാൻ കൈക്കൊള്ളുന്ന പരിഷ്കരണ നടപടികളുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. പരിഷ്കാരങ്ങൾ നടപ്പാക്കുന്നത് ലബനാന്റെ മേൽ ലോകത്തിന്റെ വിശ്വാസം വർധിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
ലബനാനിലെ വെടിനിർത്തൽ കരാർ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ലബനാൻ പ്രസിഡന്റുമായി ചർച്ച നടത്തിയെന്നും സ്ഥിരത കൈവരിക്കാനുള്ള പ്രസിഡന്റ് ഔണിന്റെയും പ്രധാനമന്ത്രിയുടെയും കഴിവിൽ സൗദി അറേബ്യക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലബനാനെ സഹായിക്കാൻ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾക്ക്, പ്രത്യേകിച്ച് പ്രസിഡന്റ് സുഗമമായി നടത്തുന്നതിലടക്കം നൽകിയ പിന്തുണക്ക് പ്രസിഡന്റ് ഔൺ നന്ദി പറഞ്ഞു.
സൗദി വിദേശകാര്യ മന്ത്രിയുടെ ലബനാൻ സന്ദർശനം വളരെ പ്രതീക്ഷ നൽകുന്നതാണ്. അതൊരു മികച്ച സന്ദേശം കൂടിയാണ്. സൗദിയുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. ലബനാനിൽ നേരത്തെയുണ്ടായിരുന്ന സൗദി സഹോദരങ്ങൾ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.