മാനുഷിക സഹായം ആവശ്യമുള്ള ഗസ്സയിലേക്ക് ആരോഗ്യ കിറ്റുകൾ എത്തിച്ച് ദുബൈ. മരുന്നുകളടക്കം 68ടൺ വസ്തുക്കളാണ് വെള്ളിയാഴ്ച വിമാന മാർഗം എത്തിച്ചത്. പ്രാഥമിക ആരോഗ്യ പരിപാലനത്തിന് ആവശ്യമുള്ള അടിയന്തിര വസ്തുക്കളാണ് പ്രധാനമായും ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. അടുത്ത മൂന്നു മാസം ഏകദേശം 9,500പേർക്ക് സഹായകരമാകുമിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
എമിറേറ്റിലെ മാനുഷിക സഹായങ്ങൾക്കുള്ള പ്രത്യേക ഫ്രീസോണായ ദുബൈ ഹ്യുമാനിറ്റേറിയനിലെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) സംഭരണകേന്ദ്രത്തിൽ നിന്നുള്ള ഈ സാധനങ്ങൾ ഗസ്സയിൽ ജീവൻരക്ഷാ വൈദ്യസഹായം നൽകുന്നതിൽ നിർണായകമാണ്. യുദ്ധത്തെ തുടർന്ന് ഗസ്സയിലെ ആശുപത്രികളും മറ്റു ആരോഗ്യ കേന്ദ്രങ്ങളും തകർന്ന സാഹചര്യത്തിൽ സഹായത്തിന് കൂടുതൽ പ്രധാന്യമുണ്ട്. ദുബൈ എയർ വിങ്(ഡി.എ.ഡബ്ല്യു) വഴി നടത്തിയ ദൗത്യം ലോകാരോഗ്യ സംഘടനയെ സഹായിക്കുന്നതിനും ഗസ്സയിലെ ജനങ്ങൾക്ക് അടിയന്തിര ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ എത്തിക്കുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ്. പ്രതിസന്ധി ഘട്ടത്തിൽ ഗസ്സയെ സഹായിക്കാനുള്ള യു.എ.ഇയുടെ നിലപാടിന്റെ ഭാഗമാണ് ദൗത്യമെന്ന് ദുബൈ ഹ്യൂമാനിറ്റേറിയൻ സി.ഇ.ഒ ഗ്യൂസ്പ്പെ സാസ്പറഞ്ഞു. വിഭവ സമാഹരണവും അന്താരാഷ്ട്ര ജീവകാരുണ്യ സംരംഭങ്ങളുമായി സഹകരിച്ച് സഹായം ആവശ്യമുള്ളിടത്ത് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.