കുംഭമേളയ്ക്കിടെ വിമാനക്കൊള്ള; ടിക്കറ്റ് നിരക്ക് 600 ശതമാനത്തോളം ഉയർത്തി: ഇടപെട്ട് ഡിജിസിഎ

മഹാകുംഭമേളയ്ക്കിടെ ഉത്തർപ്രദേശിലെ പ്രയാഗ്‍രാജിലേക്ക് ഉയർന്ന വിമാന നിരക്ക് ഏർപ്പെടുത്തുന്നുവെന്ന പരാതി ഉയരുന്നതിനിടെ വിമാന കമ്പനികളോട് വിശദീകരണം തേടി ഡിജിസിഎ. 50,000 രൂപ വരെ അധികമായി ഈടാക്കുന്നുവെന്ന പരാതിയിലാണ് ഇടപെടൽ. വിമാന നിരക്ക് ഏകീകരിക്കാൻ നിർദേശം നൽകി. 

പ്രയാഗ്‌രാജിലേക്കുള്ള വിമാന നിരക്ക് 600 ശതമാനത്തോളം ഉയർത്തിയെന്നാണ് പരാതി. ഏറ്റവും പ്രധാനപ്പെട്ട സ്നാന ദിവസമായ മൗനി അമാവാസി ജനുവരി 29നാണ്. അതുകൊണ്ടുതന്നെ നിരവധി പേർ പ്രയാഗ്‍രാജിലേക്ക് വിമാന ടിക്കറ്റ് എടുക്കുന്നുണ്ട്.  ഈ ദിവസങ്ങളിലാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടിയത്.    

ഇന്നത്തെ കണക്ക് പ്രകാരം ഡൽഹി – പ്രയാഗ്‌രാജ് വിമാന നിരക്ക് കുത്തനെ ഉയർന്നു. വൺവേ ടിക്കറ്റിന് 21,000 രൂപയിലധികം നൽകണം. മുംബൈയിൽ നിന്നുള്ള യാത്രയ്ക്ക്  22,000 മുതൽ 60,000 വരെയാണ് നിരക്ക്. ബംഗളൂരുവിൽ നിന്ന് വരുന്നവർ 26,000 രൂപ മുതൽ 48,000 രൂപ വരെ ചെലവാക്കണം പ്രയാഗ്‍രാജിലെത്താൻ. സാധാരണ ദിവസങ്ങളിൽ ഏകദേശം 5000 രൂപയാണ് പ്രയാഗ്‍രാജിലേക്കുള്ള നിരക്ക്. 

തുടർന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇടപെട്ടത്. നിരക്ക് യുക്തിസഹമായിരിക്കണമെന്ന് നിർദേശം നൽകി. മഹാ കുംഭമേള പ്രമാണിച്ച് ഡിജിസിഎ ജനുവരിയിൽ 81 അധിക വിമാനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേളയിൽ 12 കോടിയിലധികം ആളുകൾ ഇതുവരെ എത്തി. ഫെബ്രുവരി 26ന് കുംഭമേള സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *