കെഎസ്‌യു-എസ്എഫ്ഐ സംഘർഷം ; മാർ ഇവാനിയോസ് കോളജിലെ കെഎസ്‌യു കൊടിമരം തകർത്തതായി പരാതി

തൃശൂരിൽ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിന് പിന്നാലെ ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ച തലസ്ഥാനത്തേക്കും. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ സ്ഥാപിച്ച കെഎസ്‌യുവിന്‍റെ കൊടിമരവും തോരണങ്ങളും എസ്എഫ്ഐ പ്രവർത്തകർ തകർത്തെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കെഎസ്‌യു യൂണിറ്റ് ക്യാംപസിൽ സ്ഥാപിച്ച കൊടിമരമാണ് തകർത്തിരിക്കുന്നത്. കെഎസ്‌യു പ്രവർത്തകർ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവ സ്ഥലത്തെത്തിയ പൊലീസുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചറിഞ്ഞതായും കെഎസ്‌യു ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. തൃശൂർ കേരളവർമ്മ കോളെജിൽ കെഎസ്‌യുവിന്‍റെ കൊടി തോരണങ്ങൾ എസ്എഫ്ഐ കൂട്ടിയിട്ട് കത്തിച്ചിരുന്നു. കെഎസ്‌യുവിനെതിരെ പ്രകോപന പ്രസംഗം നടത്തിയതിന് ശേഷമാണ് കൊടി തോരണങ്ങൾ കത്തിച്ചത്. കേരളവർമ്മയിൽ ഇനി കെഎസ്‌യു ഇല്ലെന്നും പ്രസംഗത്തിൽ എസ്എഫ്ഐ പറഞ്ഞു. പിന്നാലെയാണ് തലസ്ഥാനത്തും കൊടിമരം തകർത്തിരിക്കുന്നത്. അതേസമയം, മാർ ഇവാനിയോസ് ക്യാംപസിൽ എസ്എഫ്ഐയുടെ ഭാഗത്ത് നിന്നും യാതൊരുവിധ അതിക്രമങ്ങളും ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികളായ വിദ്യാർഥികൾ പറയുന്നു.

അതേസമയം, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഡി സോൺ കലോത്സവ നഗരിയിൽ എസ്എഫ്ഐ നേതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കെഎസ്‌യു നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതികരിച്ചു. തൃശൂർ മാള ഹോളി ഗ്രേസിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനായി വിവിധ ക്യാമ്പസുകളിൽ നിന്ന് എത്തിയിട്ടുള്ള വിദ്യാർത്ഥികളെ കെഎസ്‌യു -എംഎസ്എഫ് സംഘവും സംഘാടകരും ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. കേരളവർമ്മ കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും മത്സരാർത്ഥികളും ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്കേറ്റു ചികിത്സയിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *