ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിപിഐഎം അംഗങ്ങളുള്ളത് കണ്ണൂരിൽ ; വനിതാ അംഗങ്ങളിലും മുന്നിൽ കണ്ണൂർ തന്നെ

രാജ്യത്തെ ഏറ്റവും കൂടുതൽ സിപിഐ അം​ഗങ്ങളും, വർ​ഗ ബഹുജന സംഘടനാം​ഗങ്ങളുമുള്ള ജില്ലാ ഘടകമായി കണ്ണൂർ. നിലവിൽ 65,550 സിപിഎം മെമ്പർമാരാണ് കണ്ണൂർ ജില്ലയിൽ ഉള്ളത്. 4421 ബ്രാഞ്ചുകൾ, 249 ലോക്കൽ കമ്മിറ്റികൾ, 18 ഏരിയ കമ്മിറ്റികൾ എന്നിവ ചേർന്നുള്ള കണക്കാണിത്. പാർട്ടിയിലെ വനിതകളുടെ എണ്ണത്തിലും കണ്ണൂർ ജില്ല തന്നെയാണ് മുന്നിൽ. ആകെയുള്ള പാർട്ടി അം​ഗങ്ങളിൽ 32.99 ശതമാനവും സ്ത്രീകളാണെന്നാണ് കണക്ക്. അം​ഗ സംഖ്യയ്ക്കപ്പുറം രണ്ട് ലോക്കൽ സെക്രട്ടറിമാർ, 242 ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരും വനിതകളാണ്. ആദിവാസി പുനരധിവാസ ​ഗ്രാമമായ ആറളം ഫാമിലെ 47 ശതമാനം വനിതാ അം​ഗങ്ങളാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അതേ സമയം ബ്രാഞ്ചുകളുടെയും ജില്ലാ കമ്മിറ്റികളുടെയും എണ്ണത്തിലും കണ്ണൂർ ജില്ലയിൽ വർധനവുണ്ടായിട്ടുണ്ട്. 3 വർഷം മുൻപത്തേതിനേക്കാൾ 174 ബ്രാഞ്ചുകളും 6 ലോക്കൽ കമ്മിറ്റികളും വർധിച്ചിട്ടുണ്ട്. 1 വർഷം കൊണ്ട് 3862 ആളുകൾ പുതിയ പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിനിടയിൽ 1,36,275 അം​ഗങ്ങൾ ഏഴ് പ്രധാന വർ​ഗ ബഹുജനസംഘടനകളിലായി അധികരിച്ചിട്ടുണ്ട്. നിലവിൽ 29,51,370 പേരാണ് വിവിധ സംഘടനകളിലായി പ്രവർത്തിക്കുന്നത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തയ്യാറാക്കുന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.

കഴിഞ്ഞ ആറ് വർഷമായി കണ്ണൂർ തന്നെയാണ് സിപിഐഎം അം​ഗങ്ങളുടെ എണ്ണത്തിൽ ഒന്നാമതായി തുടരുന്നത്. 6 വർഷത്തിനു മുൻപ് ബംഗാളിലെ നോർത്ത് പർ​ഗാനാസ് ആയിരുന്നു രാജ്യത്തെ ഏറ്റവും കൂടുതൽ പാർട്ടി മെമ്പർമാരുള്ള ജില്ല. 

Leave a Reply

Your email address will not be published. Required fields are marked *