മക്ക, മദീന റിയൽ എസ്റ്റേറ്റ് കമ്പനികളിൽ വിദേശ നിക്ഷേപത്തിന് അനുമതി

സൗദി അറേബ്യയിലെ പുണ്യ പ്രദേശങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് കമ്പനികളിൽ വിദേശ നിക്ഷേപത്തിന് അനുമതി ലഭിച്ചു. സൗദി അറേബ്യയുടെ കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, സൗദി ഓഹരി വിപണി ശക്തിപ്പെടുത്തുക, മക്ക,മദീന എന്നിവിടങ്ങളിലെ ഭാവി വികസന പദ്ധതികളെ പിന്തുണയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

ഇതുവരെ മക്ക, മദീന ന​ഗര പരിധികളിൽ റിയൽ എസ്റ്റേറ്റുകൾ സ്വന്തമായുള്ള കമ്പനികളിൽ നിക്ഷേപം നടത്താൻ വിദേശികൾക്ക് അനുമതി ഇല്ലായിരുന്നു. ഇതാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നതോടെ ഇല്ലാതാകുന്നത്. എന്നിരുന്നാലും ഈ കമ്പനികളുടെ 49 ശതമാനത്തിലധികം ഓഹരി സൗദികളല്ലാത്തവർ കൈവശം വെക്കാൻ പാടില്ലെന്ന നിർദേശവും സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി മുന്നോട്ടുവെച്ചിട്ടുണ്ട്. സ്ട്രാറ്റജിക് ഫോറിൻ ഇൻവെസ്റ്റർമാരെ ഓഹരി സ്വന്തമാക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

2021ൽ സൗദികളല്ലാത്തവർക്ക് മക്ക, മദീന കേന്ദ്രീകരിച്ചുള്ള റിയൽ എസ്റ്റേറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കാൻ അനുമതി ഉണ്ടായിരുന്നു. പുതിയ തീരുമാനത്തോടെ വിദേശ നിക്ഷേപകർക്കും അവസരം ഒരുക്കുകയാണ്. സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഇന്ത്യൻ നിക്ഷേപകർക്കുമുന്നിലും വലിയ നിക്ഷേപ അവസരങ്ങളാണ് ഇതോടെ തുറക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *