ദയ അറിയുന്ന കുട്ടികളെ നമ്മൾ എപ്പോഴാണ് വളർത്താൻ തുടങ്ങുന്നത്?; സ്കൂൾ വിദ്യാർത്ഥിയുടെ മരണത്തിൽ അനുമോൾ

തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥി ഫ്ളാറ്റിനുമുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി നടി അനുമോൾ. ഇങ്ങനെയൊരു സംഭവം വിശ്വസിക്കാനാവുന്നില്ലെന്നും ഇനി വിശ്വസിക്കുകയും വേണ്ടെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അവർ പറഞ്ഞു.

ക്ഷമിക്കണം മോനേ… ഞങ്ങൾ നിന്നെ പരാജയപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ടാണ് അനുമോൾ കുറിപ്പ് ആരംഭിക്കുന്നത്. നിന്നെ കൂടുതൽ ചേർത്തുപിടിക്കണമായിരുന്നു. നിനക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കേണ്ടതായിരുന്നു. പക്ഷേ അതിന് കഴിഞ്ഞില്ല. ഇപ്പോൾ, ഞങ്ങൾക്ക് നിന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു.

“ഒരു കുട്ടി വേദന പേറുന്ന ഏതുതരം ലോകമാണ് നാം കെട്ടിപ്പടുക്കുന്നത്? മുറിവേൽപ്പിക്കുന്ന വാക്കുകൾ ജീവിതത്തേക്കാൾ ഭാരമേറിയതാകുന്നതെവിടെയാണ്? ഇത് മറ്റൊരു വാർത്തയല്ല. ക്രൂരതയ്‌ക്ക്, നിശബ്ദതയ്‌ക്ക്, അത് ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ കാണാൻ ഇപ്പോഴും വിസമ്മതിക്കുന്ന ഒരു സമൂഹത്തിന് നഷ്ടപ്പെട്ട ഒരു ജീവിതമാണിത്. നീ ഒരിക്കലും ഒറ്റയ്ക്കല്ല. നീ എല്ലാവരാലും സ്നേഹിക്കപ്പെടുന്നുണ്ട്.

ബാക്കിയുള്ളവരോട്, നമ്മൾ എപ്പോഴാണ് പഠിക്കുക? എപ്പോഴാണ് നമ്മൾ മുഖംതിരിക്കുന്നത് നിർത്തുക? ക്രൂരതയ്ക്ക് പകരം ദയ അറിയുന്ന കുട്ടികളെ നമ്മൾ എപ്പോഴാണ് വളർത്താൻ തുടങ്ങുന്നത്? മോനെ, വിശ്രമിക്കൂ.” അനുമോൾ പറഞ്ഞു.

ജനുവരി 15 നാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ ഇരുപത്തിയാറാം നിലയിൽനിന്ന് മിഹിർ അഹമ്മദ് (15) എന്ന സ്‌കൂൾ വിദ്യാർഥി താഴേക്ക് ചാടി ജീവനൊടുക്കുന്നത്. മകന്റെ മരണത്തിനുകാരണം സഹപാഠികളുടെ ക്രൂരമായ റാഗിങ്ങാണെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *