ഹിന്ദു മഹാസഭയ്ക്കൊപ്പം കോൺഗ്രസിനേയും വിമർശിച്ച് കെ.ആർ മീര ; ശുദ്ധ അസംബന്ധമെന്ന് ബെന്യാമിൻ

ഗാന്ധിവധത്തിൽ ഹിന്ദുമഹാസഭയ്ക്കൊപ്പം കോണ്‍ഗ്രസിനെയും വിമർശിച്ച് എഴുത്തുകാരി കെ ആർ മീര. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ മീററ്റിൽ ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ ആദരിച്ചു എന്ന പത്രവാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു കെ ആർ മീരയുടെ വിമർശനം- “തുടച്ചുനീക്കാൻ കോൺഗ്രസുകാർ പത്തെഴുപത്തിയഞ്ചു കൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദുസഭ” എന്നാണ് കെ ആർ മീരയുടെ പോസ്റ്റ്.

പിന്നാലെ കോണ്‍ഗ്രസ് നേതാക്കൾക്കൊപ്പം ചില എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കെ ആർ മീരയെ വിമർശിച്ച് രംഗത്തെത്തി. കെ ആർ മീര പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ വിമർശിച്ചു- “ഏത് ഏതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയിൽ വിമർശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് പോസ്റ്റ്‌. അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല. അറിഞ്ഞു കൊണ്ട് എഴുതുന്നതാണ് അപകടം”- ബെന്യാമിൻ കുറിച്ചു.

പിന്നാലെ ബെന്യാമിൻ ഉപയോഗിച്ച ഭാഷയിൽത്തന്നെ താൻ മറുപടി പറയുന്നുവെന്ന് വ്യക്തമാക്കി കെ ആർ മീരയും സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചു- “ഗാന്ധിനിന്ദയ്ക്ക് എതിരേ ശക്തമായി പ്രതിഷേധിക്കാൻ പോലും ചങ്കുറപ്പില്ലാതെ എന്റെ പോസ്റ്റിനെ ശുദ്ധ അസംബന്ധം എന്നു പറയുന്ന ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് എനിക്കും ധാരാളം പറയാനുണ്ട്. എന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതി മാത്രമാണ്. അന്നും ഇന്നും എന്റെ നിലപാടുകളിൽനിന്നു ഞാൻ അണുവിട മാറിയിട്ടില്ല. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അപ്പക്കഷ്ണങ്ങൾ മോഹിച്ചു പ്രസ്താവന നടത്തിയിട്ടുമില്ല. എന്നെ വിമർശിക്കുന്നതുവഴി കോൺഗ്രസുകാരെയും സംഘപരിവാറുകാരെയും സുഖിപ്പിച്ച് അവരിൽനിന്നു കിട്ടാനുള്ള അപ്പക്കഷ്ണങ്ങൾകൂടി പോരട്ടെ എന്നാണു ബെന്യാമിന്റെ നിലപാട് എന്നു തോന്നുന്നു. ഞാനാണു മഹാ പണ്ഡിതൻ, ഞാനാണു മഹാമാന്യൻ, ഞാനാണു സദാചാരത്തിന്റെ കാവലാൾ എന്നൊക്കെ മേനി നടിക്കുന്നതുകൊള്ളാം. കൂടുതൽ എഴുതുന്നില്ല”- എന്നാണ് കെ ആർ മീരയുടെ മറുപടി.

ഫിക്ഷൻ എഴുതാൻ നിങ്ങൾക്ക് നല്ല കഴിവുണ്ട്, ഈ പോസ്റ്റിലും അത് കാണാൻ കഴിയുന്നു എന്നാണ് മീരയുടെ കുറിപ്പിന് താഴെ ടി സിദ്ദിഖ് എംഎൽഎ കമന്‍റിട്ടത്. സംഘികളോ അവർക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന മലയാളത്തിലെ പിണറായിസ്റ്റ് എഴുത്തുജീവികളോ എന്തുതന്നെ അധിക്ഷേപിച്ചാലും എത്രതന്നെ ആക്രമിച്ചാലും മഹാത്മാഗാന്ധി പ്രസിഡന്‍റായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനം ഇവിടെത്തന്നെയുണ്ടാവുമെന്ന് വി ടി ബൽറാം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *