‘മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി കുറിക്ക് കൊള്ളുംവിധം സംസാരിക്കാനറിയാം’: വിമർശനവുമായി പിസി ചാക്കോ

മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുന്ന ശബ്ദരേഖ പുറത്ത് വന്നു. മന്ത്രിമാറ്റത്തിന് തയ്യാറാകാതിരുന്ന മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി കുറിക്ക് കൊള്ളുംവിധം സംസാരിക്കാൻ അറിയാമെന്നാണ് പി.സി. ചാക്കോ പറയുന്നത്.

അതിനിടെ, പിസി ചാക്കോക്കെതിരെ കൂടുതൽ ആരോപണവുമായി പുറത്താക്കപ്പെട്ട നേതാവ് ആട്ടുകാൽ അജി രംഗത്തെത്തി. പിഎസ്‍സി അംഗത്തെ നിയമിച്ചതിൽ കോഴ വാങ്ങിയതിന് പുറമെ പാര്‍ട്ടി ഫണ്ടിലും തിരിമറി നടത്തിയെന്നാണ് ആക്ഷേപം.

കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് ചേർന്ന എൻസിപി യോഗമാണ് അലങ്കോലമായത്. ഈ യോഗത്തിലായിരുന്നു മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രിയോടുള്ള അതൃപ്തി പിസി ചാക്കോ പരസ്യമാക്കിയത്. മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചപ്പോള്‍ ഇപ്പോള്‍ ഒരു ചേയ്ഞ്ച് വേണോയെന്നാണ് ചോദിച്ചതെന്നാണ് ശബ്ദരേഖയിൽ പിസി ചാക്കോ പറയുന്നത്. നിങ്ങള്‍ അതിൽ നിര്‍ബന്ധം പിടിക്കരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ശരത് പവാറിന്‍റെ നേതൃത്വത്തിൽ എടുത്ത തീരുമാനം ആണെന്ന് താൻ മറുപടി നൽകി.

പാര്‍ട്ടിയുടെ തീരുമാനമാണെന്നും പറഞ്ഞു. അങ്ങ് അത് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. അതിനപ്പുറത്തോട്ട് ഒന്നും താൻ പറഞ്ഞില്ല. പലതും പറയാമായിരുന്നുവെന്നും ഇടതുപക്ഷ മുന്നണിയിൽ ഇക്കാര്യം ഉന്നയിക്കാമായിരുന്നെന്നും പിസി ചാക്കോ പറയുന്നുണ്ട്. അങ്ങനെ ചെയ്താൽ നല്ല പബ്ലിസിറ്റി കിട്ടും. തനിക്ക് നല്ല കുറിക്ക് കൊള്ളുന്നത് പോലെ മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിക്കാമെന്നും അല്ലെങ്കിൽ കൊള്ളുന്ന പോലെ ചെയ്യാമെന്നും ശബ്ദരേഖയിൽ പിസി ചാക്കോ പറയുന്നുണ്ട്.

അതേസമയം,എൽഡിഎഫ് വിടുമെന്ന സൂചന ചാക്കോ യോഗത്തിൽ നൽകിയെന്നാണ് എതിർ ചേരിയിലുള്ളവര്‍ പറയുന്നത്. പുതിയ പാർട്ടി ഉണ്ടാക്കേണ്ടിവരുമെന്ന് ചാക്കോ പറഞ്ഞതിനെ ചൊല്ലി ഭിന്നതയുണ്ടായെന്നും എതിർ വിഭാഗം പറയുന്നു. യോഗത്തിൽ ചാക്കോയും തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്‍റ് ആട്ടുകാല്‍ അജിയും തമ്മിൽ വാക്കേറ്റമുണ്ടായി. അതിനിടെയാണ് ചാക്കോക്കെതിരെ അജി കോഴ ആരോപണം ഉയർത്തിയത്. പാർട്ടിക്ക് അനുവദിച്ച പിഎസ് സി അംഗത്വ നിയമിക്കാൻ പി സി ചാക്കോ കോഴ വാങ്ങിയെന്നായിരുന്നു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ആട്ടുകാൽ അജിയുടെ ആരോപിച്ചത്. എന്നാൽ, ചാക്കോ ഇത് നിഷേധിച്ചു. പിന്നീട് ചേരിതിരിഞ്ഞ് വാക്കുതര്‍ക്കമുണ്ടായി.

പിന്നാലെ അജിയെ ആദ്യം ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുറത്താക്കി. മാധ്യമങ്ങൾക്ക് മുന്നിലും കോഴ ആരോപണം ആവർത്തിച്ചതിന് പിന്നാലെ അജിയെ പാർട്ടിയിൽ നിന്നും പുറത്താക്കി.കോഴ ആരോപണം ചാക്കോ നിഷേധിച്ചിരുന്നു. അജിക്ക് പകരം ചാക്കോ നിയമിച്ച പുതിയ ജില്ലാ പ്രസിഡന്‍റ് അഡ്വ. സതീഷിന് ഇതുവരെ ജില്ലാ കമ്മറ്റി ഓഫീസിൽ പോലും കയറാനായിട്ടില്ല. അജിയുടെ നേതൃത്വത്തിൽ ജില്ലാ ഘടകം ചാക്കോക്കെതിരെ നിലനിൽക്കുന്നു. ചാക്കോക്കെതിര കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നാണ് എതിർചേരിയുടെ മുന്നറിയിപ്പ്. 

Leave a Reply

Your email address will not be published. Required fields are marked *