ഒബിസി വിഭാഗത്തിലെ അവിവാഹിതരായ അമ്മമാരുടെ മക്കളുടെ ജാതി സർട്ടിഫിക്കറ്റ്; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

ഒബിസി വിഭാഗത്തിപ്പെട്ട അവിവാഹിതരായ അമ്മമാരുടെ മക്കൾക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് മാർഗനിർദ്ദേശങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് നൽകിയ പൊതു ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് സുപ്രീംകോടതി അയച്ചു. ഒബിസി വിഭാഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാരുടെ മക്കൾക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിന് നിലവിലെ ചട്ടങ്ങൾ പുനഃപരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്ന ഹർജിയിലാണ് നിലവിൽ സുപ്രീം കോടതി കേന്ദ്രത്തോട് അഭിപ്രായം തേടി കത്തയച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ബി ആർ ഗവായ് എജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ദില്ലി സർക്കാരിനോടും കേന്ദ്രത്തോടും പ്രതികരണം തേടിയിരിക്കുന്നത്.

നിലവിലെ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒബിസി വിഭാഗത്തിൽ നിന്നുള്ള അവിവാഹിതരായ അമ്മമാരുടെ മക്കൾക്ക് അമ്മയുടെ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ ജാതി സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നാണ് വ്യക്തമാക്കുന്നത്. ജാതി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നയാൾ പിതൃ രക്തത്തിൽ നിന്നുള്ള ബന്ധുക്കളുടെ (അതായത് പിതാവോ മുത്തച്ഛനോ അമ്മാവനോ) ഒബിസി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിയമത്തിൽ പറയുന്നത്. ഈ മാർഗനിർദേശങ്ങൾ പുനഃപരിശോധിച്ച് ഭേദഗതി ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടാണ് എംസിഡിയിൽ നിന്ന് വിരമിച്ച അധ്യാപകൻ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

അതേസമയം ഒബിസി വിഭാഗത്തിൽപ്പെട്ട വിവാഹമോചിതരായ സ്ത്രീകൾ, വിധവകൾ, കുട്ടികളെ ദത്തെടുത്ത സ്ത്രീകൾ എന്നിവർക്ക് ഈ മാർഗനിർദ്ദേശങ്ങൾ ബാധകമല്ല. അവർക്ക് സ്വന്തം ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മക്കൾക്ക് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെടുന്ന അവിവാഹിതരായ അമ്മമാരുടെ കുട്ടികൾക്കും അവരുടെ അമ്മയുടെ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ ജാതി സർട്ടിഫിക്കറ്റ് ലഭിക്കും എന്നാൽ ഒബിസി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് മാത്രം മറ്റൊന്നാണ് നിയമം. ഇത് വിവേചനപരവും ആർട്ടിക്കിൾ 14, 21 ൻറെ ലംഘനവുമാണെന്ന് അവകാശവാദം ഉയർത്തിയാണ് അധ്യാപകൻ ഹർജി നൽകിയത്. മേൽപ്പറഞ്ഞ മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ജാതി സർട്ടിഫിക്കറ്റുകൾ നിഷേധിക്കുന്നത് ഒബിസി വിഭാഗത്തിൽ നിന്നുള്ള അവിവാഹിതരായ അമ്മമാരുടെ കുട്ടികളെ സാമൂഹികമായും സാമ്പത്തികമായും ബാധിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *