
പാലക്കാട് കോഴിഫാമിൽ വൻ തീപിടിത്തം; 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു
പാലക്കാട്, മണ്ണാർക്കാട് കണ്ടമംഗലത്തെ കോഴി ഫാമിൽ വൻ തീപിടിത്തം. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഇന്നലെ രാത്രിയാണ് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന ഫാമിൽ തീപിടിത്തമുണ്ടായത്. ഷോർട്ട സർക്യൂട്ട് മൂലമാണ് അഗ്നിബാധയുണ്ടായതെന്നാണ് ഫയർഫോഴ്സ് നൽകുന്ന വിവരം. ഫൈസൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് അഗ്നിബാധയുണ്ടായത്. തീപിടിത്തമുണ്ടായത് രാത്രിയിലായതിനാൽ തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നില്ല. കോഴിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടെത്തിയ തൊഴിലാളികൾ ഫയർഫോഴ്‍സിൽ വിവരം അറിയിക്കുകയായിരുന്നു. ഒന്നരമണിക്കൂർ പരിശ്രമിച്ചാണ് തീയണയ്ക്കാനായത്.