മൂവായിരം വര്‍ഷം പഴക്കമുള്ള അമ്പ്; നിര്‍മിച്ചത് ഉല്‍ക്കാശിലയിലെ ഇരുമ്പുകൊണ്ട്, ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തിയ അമ്പിന്റെ കഥ

1873-1874ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ മൊറിഗനിലെ ബീല്‍ തടാകത്തിനു സമീപത്തുവച്ച് പുരാവസ്തു ഗവേഷകര്‍ക്ക് ഒരു അമ്പ് ലഭിച്ചു. കൂടുതല്‍ പഠനങ്ങള്‍ക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണ്‍ ഹിസ്‌റ്റോറിക്കല്‍ മ്യൂസിയത്തിലേക്ക് അമ്പ് മാറ്റി. അമ്പുമായി ബന്ധപ്പെട്ടു നിരവധി പഠനങ്ങള്‍ ഇപ്പോഴും നടന്നുവരികയാണ്. ആര്‍ക്കിയോളജിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനമനുസരിച്ച്, ബിസി 900നും 800നും ഇടയില്‍ നിര്‍മിച്ച അന്പ് ഉല്‍ക്കാശിലയില്‍നിന്നുള്ള ഇരുമ്പുകൊണ്ടു നിര്‍മിച്ചതാണെന്ന് ഗവേഷണലേഖനത്തില്‍ പറയുന്നു.

മധ്യ, പടിഞ്ഞാറന്‍ യൂറോപ്പില്‍ ഉല്‍ക്കാശിലയില്‍നിന്നുള്ള പുരാവസ്തുക്കളുടെ കണ്ടെത്തലുകള്‍ വളരെ വിരളമാണെന്നാണു ഗവേഷകര്‍ പറയുന്നത്. ഈ പ്രദേശങ്ങളിലെ കമ്യൂണിറ്റികള്‍ ബിസി 800 ഓടെ ഉല്‍ക്കാഇരുമ്പ് വ്യാപാരം നടത്തിയിരുന്നുവെന്ന് അസാധാരണമായ കണ്ടെത്തല്‍ സൂചിപ്പിക്കുന്നു. ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്കു പ്രവേശിക്കുന്ന വസ്തുക്കളാണ് ഉല്‍ക്കകള്‍. ഈ ബഹിരാകാശ പാറകള്‍ അന്തരീക്ഷത്തെ അതിജീവിച്ച് ഭൂമിയില്‍ പതിക്കുമ്പോള്‍ അവയെ ഉല്‍ക്കാശിലകള്‍ എന്നു വിളിക്കുന്നു. നാസയുടെ കണക്കനുസരിച്ച്, ഓരോ ദിവസവും 48.5 ടണ്‍ ഉല്‍ക്കാശിലകള്‍ ഭൂമിയില്‍ പതിക്കുന്നു. ഭൂരിഭാഗവും അന്തരീക്ഷത്തില്‍ ബാഷ്പീകരിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *