ഹിന്ദു യുവതിക്കൊപ്പം യാത്ര ചെയ്ത മുസ്ലീം യുവാവിന് മർദ്ദനം

മംഗളൂരുവിൽ യുവാവിന് നേരെ സദാചാര ഗുണ്ടായിസം. ഹിന്ദു യുവതിയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന മുസ്ലീം യുവാവിനെ ബസ് തടഞ്ഞുനിർത്തി ഒരു സംഘം ആളുകൾ ആക്രമിച്ചതായി പൊലീസ് പറഞ്ഞു. മംഗളൂരു നന്തൂർ സർക്കിളിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം.

കാർക്കള നിട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മൂന്നാം വർഷ ബിഇ (ഇൻഫർമേഷൻ സയൻസ്) വിദ്യാർത്ഥിയായ സെയാദ് റസീം ഉമ്മറിനാണ്(20) മർദ്ദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാലിന് സ്വകാര്യ ബസിൽ കാർക്കളയിൽ നിന്ന് മടങ്ങുകയായിരുന്നു സെയാദ്. നന്തൂർ ജംക്‌ഷനു സമീപം അജ്ഞാതരായ മൂന്നോ നാലോ പേർ ബസ് തടഞ്ഞുനിർത്തി യുവാവിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി.

ബസിനുള്ളിൽ കയറി അസഭ്യം പറയുകയും ബസിൽ നിന്ന് വലിച്ചിറക്കി വടികൊണ്ട് മർദിക്കുകയായിരുന്നു. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മർദ്ദനത്തിന് പിന്നിൽ ബജ്‌റംഗ്ദൾ പ്രവർത്തകരാണെന്ന് ആരോപണമുണ്ട്. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ആരോപണം ബജ്‌റംഗ്ദൾ നിഷേധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *