‘വിനേഷ് ഫോഗട്ട് ചതിയിലൂടെയാണ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോയത്, എല്ലാം കോൺഗ്രസിന്റെ ഗൂഢാലോചന’; ബ്രിജ് ഭൂഷൺ

തനിക്കെതിരായ ലൈംഗികാരോപണങ്ങളും ഗുസ്തിക്കാരുടെ പ്രതിഷേധവും കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന് മുൻ ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിംഗ്. അതിന്റെ തെളിവാണ് ഹരിയാന നിയമസഭയിലേക്കുള്ള വിനേഷ് ഫോഗട്ടിന്റെ സ്ഥാനാർത്ഥിത്തമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ഒരു താരത്തിന് ഒരു ദിവസം രണ്ട് ഭാരോദ്വഹന വിഭാഗങ്ങളിൽ ട്രയൽസ് നടത്താൻ കഴിയുമോയെന്നും ഭാരനിർണയത്തിന് ശേഷം അഞ്ച് മണിക്കൂർ ട്രയൽസ് നിർത്തിവയ്ക്കാമോയെന്നും ചോദിച്ച ബ്രിജ് ഭൂഷൺ വിനേഷ് ഫോഗട്ട് ചതിയിലൂടെയാണ് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ പോയതെന്നും അതിന് ദൈവം കൊടുത്ത ശിക്ഷയാണ് ഗുസ്തിയിലെ പരാജയമെന്നും വിമർശിച്ചു. ട്രയൽസ് പൂർത്തിയാക്കാതെയാണ് ബജ്രംഗ് പുനിയ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തതെന്നും ബിജെപി നേതാവ് ആരോപിച്ചു.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. ഹരിയാനയിലെ ആദ്യ 31 അംഗ സ്ഥാനാർത്ഥിപ്പട്ടികയിലാണ് ഫോഗട്ടിന്റെ പേര് ഉൾപ്പെടുത്തിയത്. റെയിൽവേയിൽ നിന്ന് രാജിവച്ചശേഷമാണ് ഇരുവരും കോൺഗ്രസിൽ ചേർന്നത്. താൻ കടന്നുപോയ അവസ്ഥയിലൂടെ മറ്റൊരു കായികതാരവും കടന്നുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞിരുന്നു. എല്ലാം ഒരിക്കൽ തുറന്നുപറയുമെന്നും താരം വ്യക്തമാക്കിയിരുന്നു. സമരം ചെയ്യുമ്പോൾ ബിജെപി തങ്ങൾക്കൊപ്പം നിന്നില്ലെന്നും ദേശത്തെ പെൺകുട്ടികൾക്കായുള്ള പോരാട്ടത്തിൽ കോൺഗ്രസാണ് ഒപ്പം നിന്നതെന്നും ബജ്രംഗ് പുനിയയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ വിമർശനം.

2023 ജനുവരി 18ന് ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ് ഭൂഷണെതിരെ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ എന്നിവർ പ്രതിഷേധം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *