‘ദിവസവും നാല് പെഗ്ഗ് മസ്റ്റ്’; ഭാര്യ അമിതമായി മദ്യപിക്കുന്നുവെന്ന പരാതിയുമായി ഭർത്താവ്

ഭാര്യ അമിതമായി മദ്യപിക്കുന്നുവെന്ന പരാതിയുമായി യുവാവ്. ഉത്തർപ്രദേശിലെ ത്സാൻസി സ്വദേശിയായ യുവാവാണ് പൊറുതിമുട്ടിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനിലെ ഫാമിലി കൗൺസിലിംഗ് സെന്റർ നൽകിയ കൗൺസിലിംഗിനിടെയാണ് വിവരങ്ങൾ പുറത്തുവന്നത്. യുവാവിന്റെയും ഭാര്യയുടെയും പേരും മറ്റുവിവരങ്ങളും പുറത്തുവന്നിട്ടില്ല. രണ്ട് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷവും ഭാര്യ നിരന്തരമായി മദ്യപിക്കുമായിരുന്നുവെന്ന് യുവാവ് പറഞ്ഞു. എന്നാൽ ഇയാൾക്ക് മദ്യപാനത്തോട് താൽപര്യമില്ലായിരുന്നു. ഭർത്താവിനോടും മദ്യപിക്കാൻ യുവതി നിർബന്ധിക്കുമായിരുന്നു. ഇതോടെയാണ് യുവാവ് ഭാര്യയെ അവരുടെ വീട്ടിൽ കൊണ്ടുവിട്ടത്.

പിന്നാലെ ഭർത്താവ് തന്നെ ഉപേക്ഷിച്ചെന്ന് പറഞ്ഞ് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികൾക്ക് കൗൺസിലിംഗ് നൽകാൻ പൊലീസ് തീരുമാനിച്ചത്. അങ്ങനെയാണ് ഭാര്യ നിരന്തരം മദ്യപിക്കാറുണ്ടെന്ന് യുവാവ് വെളിപ്പെടുത്തിയത്. ദമ്പതികൾ പൊലീസ് സ്റ്റേഷനിൽ വച്ച് കലഹത്തിലേർപ്പെട്ടെന്ന് കൗൺസിലർ പറഞ്ഞു. ഭാര്യ ദിവസവും മദ്യപിക്കുമെന്നും തന്നെ മദ്യപിക്കാൻ നിർബന്ധിക്കുകയും ചെയ്യുമെന്നും യുവാവ് കൗൺസിലറോട് പറഞ്ഞു. ഒരേസമയം ഭാര്യയ്ക്ക് മൂന്നും നാലും പെഗ്ഗ് കഴിക്കണമെന്നും ഭർത്താവ് വ്യക്തമാക്കി. അതേസമയം, ഭർത്താവിന്റെ ആരോപണങ്ങളെല്ലാം ശരിയാണെന്ന് യുവതിയും സമ്മതിച്ചു. ദമ്പതികളോട് സംസാരിച്ചതിനുശേഷം ഇരുവരുടെയും വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ പ്രശ്‌നം പരിഹരിച്ചുവെന്നാണ് കൗൺസിലർ അറിയിച്ചത്. ഇരുവരും വീണ്ടും ഒരുമിച്ച് താമസിക്കാൻ തീരുമാനമെടുത്തെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *