ജഡ്ജി നിയമന പാനലിൽ കേന്ദ്രസർക്കാർ പ്രതിനിധി വേണം: ചീഫ് ജസ്റ്റിസിന് നിയമമന്ത്രിയുടെ കത്ത്

സുപ്രീംകോടതി കൊളീജിയത്തിൽ കേന്ദ്ര സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്ര നിയമമന്ത്രി രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് നിയമമന്ത്രി ചീഫ് ജസ്റ്റിസ് ഡി.ൈവ.ചന്ദ്രചൂഡിന് കത്തു നൽകി. ഹൈക്കോടതി കൊളീജിയത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയേയും ഉൾപ്പെടുത്തണമെന്ന് നിയമമന്ത്രി കിരൺ റിജിജു കത്തിൽ ആവശ്യപ്പെട്ടു. ജഡ്ജി നിയമനത്തിലെ സുതാര്യതയ്ക്ക് ഇത് അത്യാവശ്യമാണെന്നാണ് നിയമമന്ത്രിയുടെ ഭാഷ്യം. നിയമനങ്ങൾ പൊതു ഉത്തരവാദിത്തം ഉറപ്പാക്കാൻ നിർദ്ദേശം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, നിയമമന്ത്രിയുടെ ആവശ്യത്തോട് വിയോജിക്കുന്ന നിലപാടാണ് സുപ്രീംകോടതി കൊളീജിയത്തിലെ അംഗങ്ങളുടേത്. ജഡ്ജി നിയമനത്തിന് നിലവിലുള്ള മാനദണ്ഡം ഭേദഗതി ചെയ്യുന്നത് സ്വീകാര്യമല്ലെന്ന് അവർ വ്യക്തമാക്കുന്നു.

കൊളീജിയത്തിന്റെ പ്രവർത്തനങ്ങൾ ഒട്ടും സുതാര്യമല്ല എന്ന ആക്ഷേപമാണ് മന്ത്രി ഉന്നയിക്കുന്നത്. കൊളീയത്തിന്റെ പ്രവർത്തനങ്ങൾ രഹസ്യാത്മകമാണ്. എന്താണ് ഒരു ജഡ്ജിയെ നിയമിക്കുന്നതിന്റെ മാനദണ്ഡമെന്ന് പൊതുജനങ്ങൾക്ക് അറിയില്ല. ഇതുമാറി സുതാര്യതയും പൊതു ഉത്തരവാദിത്തവും ഉറപ്പാക്കാൻ സർക്കാർ പ്രതിനിധിയെ കൊളീജിയത്തിൽ ഉൾപ്പെടുത്തണമെന്നാണ് മന്ത്രി കത്തിൽ ആവശ്യപ്പെടുന്നത്.

കൊളീജിയം സംവിധാനത്തിനെതിരെ കേന്ദ്രസർക്കാർ രംഗത്തെത്തുന്നത് ഇതാദ്യമല്ല. കൊളീജിയം സംവിധാനത്തിന് സുതാര്യതയില്ലെന്ന് കേന്ദ്ര നിയമമന്ത്രി കുറച്ചുനാൾ മുൻപ് വിമർശിച്ചിരുന്നു. കേന്ദ്രനിയമമന്ത്രിക്കു പുറമെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയവരും പലപ്പോഴായി കൊളീജിയം സംവിധാനത്തിനെതിരെ രംഗത്തെത്തി. ഇതിനിടെയാണ് കേന്ദ്ര നിയമമന്ത്രി സുതാര്യത വരുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളുമായി ചീഫ് ജസ്റ്റിസിന് കത്തു നൽകിയത്.

കേന്ദ്ര സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി കൊളീജിയത്തിലെ അംഗങ്ങൾ അംഗീകരിക്കില്ലെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം.ജോസഫ്, എം.ആർ.ഷാ, അജയ് റാസ്തോഗി, സഞ്ജിവ് ഖന്ന എന്നിവരാണ് നിലവിൽ സുപ്രീംകോടതി കൊളീജിയത്തിലെ അംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *