കല്യാണച്ചടങ്ങിനിടെ വരൻ വധുവിനെ ചുംബിച്ചു; ഉത്തർപ്രദേശിലെ വിവാഹവേദിയിൽ കൂട്ടത്തല്ലും അറസ്റ്റും

കല്യാണച്ചടങ്ങിനിടെ വരൻ വധുവിനെ ചുംബിച്ചതിന് പിന്നാലെ കൂട്ടത്തല്ല്. ഉത്തർപ്രദേശിലെ അശോക് നഗറിലാണ് സംഭവം നടന്നത്. വരമാലച്ചടങ്ങിനിടെ വരനും വധുവും ചുംബിച്ചതിനുപിന്നാലെ യുവതിയുടെ ബന്ധുക്കൾ വരന്റെ ബന്ധുക്കളെ കയ്യേറ്റം ചെയ്യുകയായിരുന്നു. വരന്റെ പ്രവർത്തിയിൽ അസ്വസ്ഥരായ വധുവിന്റെ ബന്ധുക്കൾ ഇത് ചോദ്യം ചെയ്യുകയും വടികളും മറ്റുമായി സ്റ്റേജിലേയ്ക്ക് പ്രവേശിച്ച് വരന്റെ കുടുംബാംഗങ്ങളെ മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിൽ വധുവിന്റ പിതാവിനുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

വധുവിന്റെ സഹോദരിയുടെയും വിവാഹം ഒരേസമയത്താണ് നടന്നത്. ആദ്യവിവാഹം പ്രശ്നങ്ങളൊന്നുമില്ലാതെ നടന്നപ്പോൾ രണ്ടാമത്തേത് വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു. വരൻ യുവതിയെ ബലമായി ചുംബിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചത്. എന്നാൽ യുവതിയുടെ നിർബന്ധപ്രകാരമാണ് ചുംബിച്ചതെന്നാണ് വരൻ പറഞ്ഞത്. സംഭവത്തിന് പിന്നാലെ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് അക്രമം നടത്തിയതിന് ഏഴുപേരെ കസ്റ്റഡിയിലെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *