അദാനിയുടെ 5 ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചെന്ന് ഹിൻഡൻബെർഗ്; നിഷേധിച്ച് കമ്പനി

അദാനി ഗ്രൂപ്പിനെതിരെ സ്വിറ്റ്സർലൻഡിൽ അന്വേഷണം നടക്കുന്നുവെന്ന് ഹിൻഡൻബർഗ്. വിവിധ ബാങ്കുകളിലുള്ള അദാനിയുടെ 310 മില്യൺ ഡോളർ (ഏകദേശം 2573 കോടിയോളം രൂപ) മരവിപ്പിച്ചതായി ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്തു. 2021 മുതൽ കള്ളപ്പണ ഇടപാടിലും മറ്റും അന്വേഷണം നേരിടുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ ആരോപണം അദാനി ഗ്രൂപ്പ് നിഷേധിച്ചു.

സ്വിസ് ക്രിമിനൽ കോടതി പുതുതായി പുറത്തുവിട്ട വിവരങ്ങളെ ഉദ്ധരിച്ചു കൊണ്ടാണ് ഹിൻഡൻബർഗ് എക്സ് പ്ലാറ്റ്ഫോമിൽ കൂടി വിവരങ്ങൾ പങ്കുവെച്ചത്. സ്വിസ് മാധ്യമമായ ഗോതം സിറ്റിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടതെന്നും ഹിൻഡൻബർഗ് വ്യക്തമാക്കുന്നു.

ഫെഡറൽ ക്രിമിനൽ കോടതിയുടെ ഉത്തരവ് പ്രകാരം ജനീവ പബ്ലിക് പ്രോസിക്യൂട്ടറാണ് അദാനിക്കെതിരായ കേസുകളിൽ അന്വേഷണം നടത്തുന്നത്. അദാനിയുടെ ബിനാമിയുടെ പേരിൽ നിക്ഷേപിക്കപ്പെട്ട പണം സംബന്ധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌. ഹിൻഡൻ ബർഗ് പുറത്തുവിട്ട ആദ്യത്തെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ഇതിനെത്തുടർന്ന് അദാനിയുടെ പേരിലുള്ള ആറ് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലെ 310 മില്യണിലേറെ ഡോളർ കണ്ടുകെട്ടിയതായും ഗോതം സിറ്റി റിപ്പോർട്ടിൽ പറയുന്നു. ഹിൻഡൻ ബർഗ് അദാനിക്കെതിരേ പുറത്തുവിട്ട വാർത്തയ്ക്ക് പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത് സ്വിറ്റ്‌സര്‍ലന്‍ഡ്‌ അറ്റോർണി ജനറൽ ഓഫിസ് (ഒ.എ.ജി) അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അദാനിയുമായി ബന്ധപ്പെട്ട് ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്ത ആദ്യ ആരോപണങ്ങളിലാണ് ഇപ്പോൾ പരിശോധന നടക്കുന്നതെന്നാണ് വിവരം.

എന്നാൽ പുറത്തുവന്ന ആരോപണങ്ങൾ അദാനി ഗ്രൂപ്പ് തള്ളി. തീർത്തും അസംബന്ധവും യുക്തിരഹിതവുമായ ആരോപണങ്ങളാണെന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെ തള്ളിക്കളയുന്നു. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട അക്കൗണ്ടുകളൊന്നും തന്നെ മരവിപ്പിച്ചിട്ടില്ലെന്നും യാതൊരു തരത്തിലുള്ള അന്വേഷണവും തങ്ങൾക്കെതിരേ ഏതൊരു സ്വിസ് ബാങ്കിൽ നിന്നും നടപടി നേരിടുന്നില്ലെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

അദാനി ഗ്രൂപ്പ് ഓഹരിവിലകളിൽ കൃത്രിമത്വം കാണിച്ചുവെന്നാണ് ഹിൻഡൻബെർഗ് ആദ്യം പുറത്തുവിട്ടത്. ഇതേത്തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില ഗണ്യമായി ഇടിഞ്ഞതുവഴി നിക്ഷേപകർക്ക് കോടികളുടെ നഷ്ടമുണ്ടായിരുന്നു. ഇതിന് പിന്നാലെ സെബി മേധാവി മാധബി പുരി ബുച്ചിന് അദാനിഗ്രൂപ്പിന് പങ്കാളിത്തമുള്ള വിദേശകമ്പനികളിൽ രഹസ്യനിക്ഷേപമുണ്ടെന്ന വിവരങ്ങളും ഹിൻഡൻബർഗ് പുറത്തുവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *