വെറും 23 രൂപ മതി കുട്ടനാട് കാണാന്‍, ആയിരങ്ങള്‍ വേണ്ട

കുട്ടനാടിന്റെ സൗന്ദര്യം ആരുടെയും മനം മയക്കുന്നതാണ്. ആലപ്പുഴയിലേക്ക് വിദേശ സഞ്ചാരികള്‍ മാത്രമല്ല, പ്രാദേശിക സഞ്ചാരികളുടെയും ഒഴുക്കാണ് ഇപ്പോള്‍. കൊറോണയുടെ ആശങ്കകള്‍ പൂര്‍ണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും സഞ്ചാരികള്‍ കൂട്ടത്തോടെയെത്തുന്നുണ്ട് കുട്ടനാട്ടില്‍. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.

അതേസമയം, കുട്ടനാട്ടില്‍ എത്തി ഒരു ബോട്ട് വാടകയ്‌ക്കെടുത്ത് കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിച്ചു മടങ്ങുക എന്നതു ചെലവേറിയ കാര്യമാണ്. എന്നാല്‍, ജലഗതാഗത വകുപ്പ് ഇതിനു പരിഹാരമായി രംഗത്തെത്തിയിരിക്കുന്നു. കൂടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുട്ടനാടന്‍ വിഭവങ്ങളും ബോട്ടില്‍ ലഭിക്കും. അത്തരത്തിലൊരു സംവിധാനമാണ് ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ ഒരുക്കിയിരിക്കുന്നത്.

വിനോദസഞ്ചാരികള്‍ക്കു മാത്രമല്ല, പൊതുജനങ്ങള്‍ക്കും ടൂറിസം കം പാസഞ്ചര്‍ സര്‍വീസ് ഏറെ ഉപകാരപ്രദമാണ്. വെറും 23 രൂപയ്ക്ക് കുട്ടനാട് കറങ്ങാം. സീ കട്ടനാട് മാതൃകയില്‍ നേരത്തെയുണ്ടായിരുന്ന സര്‍വീസ് അത്യാധുനിക രീതിയില്‍ നവീകരിച്ചാണ് യാത്രയ്ക്ക് ഒരുക്കിയത്. ഇരുനിലയുള്ള ബോട്ടില്‍ 90 സീറ്റുണ്ട്. അപ്പര്‍ഡെക്കില്‍ 30 സീറ്റ്. താഴെ 60 സീറ്റ്. അപ്പര്‍ഡെക്കില്‍ 120 രൂപയാണ് നിരക്ക്. താഴത്തെ നിലയില്‍ 46 രൂപ. അപ്പര്‍ഡെക്കില്‍ ഒരു വശത്തേക്ക് 60 രൂപയാണ് നിരക്ക്. താഴത്തെ നിലയില്‍ ജനപ്രിയ നിരക്ക്, വെറും 23 രൂപ മാത്രം !

ആലപ്പുഴ ജെട്ടിയില്‍ നിന്നു പുറപ്പെടുന്ന ബോട്ട് പുന്നമട, വേമ്പനാട് കായല്‍ വഴി കൈനകരി റോഡുമുക്കില്‍ എത്തും. തുടര്‍ന്ന് മീനപ്പള്ളി കായല്‍, പള്ളാത്തുരുത്തി, പുഞ്ചിരി വഴി ബോട്ട് പുറപ്പെട്ട ജെട്ടിയില്‍ തന്നെ തിരിച്ചെത്തും. രണ്ട് മണിക്കൂര്‍ 30 മിനിറ്റാണ് യാത്രാസമയം.രാവിലെ 5.30-ന് ആദ്യ സര്‍വീസ് ആരംഭിക്കും. തുടര്‍ന്ന് 8.30, 10.45, 1.30, 4.45 എന്നീ സമയങ്ങളില്‍ സര്‍വീസ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *