റിയാലിറ്റി ഷോയുടെ ഭാഗമായതോടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അവതാരകയായ രഞ്ജിനി ഹരിദാസ്. സോഷ്യൽമീഡിയയിൽ ഏറ്റവും അധികം ട്രോളുകൾ ലഭിച്ചിട്ടുളളത് തനിക്കായിരിക്കുമെന്നും രഞ്ജിനി പറഞ്ഞു. വിവാഹം കഴിക്കാത്തതിനെക്കുറിച്ചും താരം വ്യക്തമാക്കി, ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രഞ്ജിനി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘നമ്മുടെ ആഗ്രഹത്തിനനുസരിച്ച് കേരളത്തിൽ ജീവിക്കാനാകില്ല.പക്ഷെ അതൊരു ബുദ്ധിമുട്ടാണെന്ന് എനിക്ക് തോന്നിയിട്ടില്ല.ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ നിന്ന് എന്നെ ഒരു മാസക്കാലം മാറ്റിനിർത്തിയിരുന്നു. ഞാൻ കരിയർ ആരംഭിച്ചത് അവതാരകയായല്ല. അതിനുമുൻപ് ഞാനൊരു കോർപറേറ്റ് ജീവനക്കാരിയായിരുന്നു. ഐഡിയ സ്റ്റാർ സിംഗറിൽ എത്തിയതോടെ ജീവിതം ഒരുപാട് മാറി. അതൊരു മാജിക്കൽ ഷോയായിരുന്നു. അതിന് മുൻപ് കൂടുതൽ ഇംഗ്ലീഷാണ് ഞാൻ കൈകാര്യം ചെയ്തിരുന്നത്.
2007ൽ ആദ്യ സീസണിൽ വന്നപ്പോൾ തന്നെ വലിയ പ്രശ്നങ്ങളായിരുന്നു. മലയാളം പരിപാടിയിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നവൾ, അട്ടഹസിക്കുന്നവൾ, ആളുകളെ കെട്ടിപിടിക്കുന്നവൾ, കാല് കവച്ചുവയ്ക്കുന്നവൾ, അടക്കവും ഒതുക്കവും ഇല്ലാത്തവൾ, കേരളത്തനിമ ഇല്ലാത്തവൾ എന്നിങ്ങനെയായിരുന്നു വിമർശനം. ചെറിയ പ്രായം മുതൽക്കേ ഇതെല്ലാം കേൾക്കുന്നുണ്ട്. എന്നെ വളർത്തിയത് അമ്മയും അമ്മൂമ്മയുമാണ്. എനിക്ക് ഏഴ് വയസുളളപ്പോൾ അച്ഛൻ മരിച്ചു. അച്ഛന് നല്ല ദേഷ്യമായിരുന്നു. അതുകൊണ്ട് എനിക്ക് പേടിയായിരുന്നു.
ഒരു സമയത്ത് സോഷ്യൽമീഡിയയിൽ ഏറ്റവുമധികം ട്രോളുകൾ ലഭിച്ചത് എനിക്കായിരിക്കും. ഇന്ന് സർവസാധാരണമാണ്. 42 വയസായിട്ടും ഞാൻ വിവാഹം കഴിക്കാത്തതിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്. ജീവിക്കാനുളള പണവും വീടും ഉണ്ടെങ്കിൽ അതിനെക്കുറിച്ച് ആലോചിക്കണ്ടല്ലോ. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കാൻ ഒരാളുടെ ആവശ്യമില്ല. കുട്ടിക്കാലത്ത് ഷാരൂഖ് ഖാന്റെ സിനിമകൾ കണ്ടപ്പോൾ പ്രണയിക്കണമെന്നുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയില്ല.അത് കളളമാണെന്ന് മനസിലായി. പൈങ്കിളിയാകാൻ താൽപര്യമില്ല’- രഞ്ജിനി പറഞ്ഞു.