‘വരാഹരൂപം’ ഗാനം; കേസ് കോഴിക്കോട് ജില്ലാകോടതിക്ക് പരിഗണിക്കാം: ഹൈക്കോടതി

കാന്താര സിനിമയിലെ വരാഹരൂപം എന്ന പാട്ട്, മാതൃഭൂമി മ്യൂസിക്കിനായി ചിട്ടപ്പെടുത്തിയ നവരസം എന്ന പാട്ടിന്റെ പകർപ്പാണെന്ന തൈക്കൂടം ബ്രിഡ്ജിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട് ജില്ലാ കോടതിക്ക് പരിഗണിക്കാമെന്ന് ഹൈക്കോടതി.

വാണിജ്യ തർക്കവുമായി ബന്ധപ്പെട്ട കോടതിയാണ് വിഷയം പരിഗണിക്കേണ്ടതെന്നുകാട്ടി പരാതി മടക്കിയ കോഴിക്കോട് ജില്ലാ കോടതിയുടെ നടപടിക്കെതിരേ തൈക്കൂടം ബ്രിഡ്ജ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം.ആർ. അനിതയുടെ ഉത്തരവ്. പരാതി മടക്കിയ കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

കാന്താര സിനിമയുടെ സംഗീത സംവിധായകൻ ബി.എൽ. അജനീഷാണ് കേസിലെ എതിർകക്ഷി. തൈക്കൂടം ബ്രിഡ്ജിന്റെ ആസ്ഥാനം എറണാകുളത്താണെന്നും അതിനാൽ പകർപ്പവകാശ നിയമ പ്രകാരം എറണാകുളത്താണ് കേസ് നൽകേണ്ടതെന്നുമായിരുന്നു എതിർഭാഗത്തിന്റെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് വാണിജ്യകേസുകൾ കൈകാര്യംചെയ്യുന്ന കോടതിക്കേ പരിഗണിക്കാനാകൂ എന്ന വാദവും തള്ളി.

പകർപ്പവകാശം ലംഘിച്ചെന്ന കേസിൽ കാന്താര സിനിമയുടെ സംവിധായകൻ ഋഷഭ് ഷെട്ടി, നിർമാതാവ് വിജയ് കിർഗന്ദൂർ എന്നിവർ കഴിഞ്ഞ ദിവസം കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരായിരുന്നു. മുൻകൂർജാമ്യം നൽകിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *