ലാല്‍ പ്രിയ സുഹൃത്ത്; ആത്മബന്ധങ്ങള്‍ സിനിമയില്‍ മഷിയിട്ടുനോക്കിയാല്‍ പോലും കാണാനാകില്ല: മമ്മൂട്ടി

മോഹന്‍ലാലും മമ്മൂട്ടിയും ഇന്ത്യന്‍ വെള്ളിത്തിരയിലെ അതുല്യപ്രതിഭകള്‍. മലയാളസിനിമയിലെ ചക്രവര്‍ത്തിമാരാണെങ്കിലും ഇവര്‍ക്കിടിയില്‍ മത്സരമില്ല. ഇവരുടെ മത്സരം വെള്ളിത്തിരയില്‍ മാത്രം. ഇരുവരും ആത്മബന്ധം പുലര്‍ത്തുന്നവരുമാണ്. അഭിമുഖങ്ങളില്‍ ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് മമ്മൂട്ടിയും മോഹന്‍ലാലും തുറന്നുപറയാറുണ്ട്. മോഹന്‍ലാലിനെക്കുറിച്ച് മമ്മൂട്ടി നേരത്തെ പറഞ്ഞ ചില കാര്യങ്ങള്‍ ഇരുവരുടെയും ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നതാണ്.

തന്റെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു അഹിംസ എന്ന സിനിമയെന്ന് മമ്മൂട്ടി. മോഹന്‍ലാലുമായി ഞാന്‍ കൂടുതല്‍ അടുക്കുന്നതും ഞങ്ങളുടെ സ്‌നേഹബന്ധത്തിനു ദൃഢത കൈവരുന്നതും അഹിംസയുടെ ലൊക്കേഷനില്‍ വച്ചാണ്. തമാശയും കുസൃതിയുമുള്ള നല്ലൊരു സഹൃദയനാണ് ലാല്‍. ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് ലാലും ഞാനും സിനിമയില്‍ എത്തുന്നത്. ഞാന്‍ നായകന്‍ ലാല്‍ വില്ലന്‍ എന്നതായിരുന്നു അവസ്ഥ. വെള്ളിത്തിരയിലെ ജീവിതമായിരുന്നില്ല ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം ഉറച്ചതാണ്. എന്റെ കുടുംബത്തിനും ലാല്‍ പ്രിയസുഹൃത്താണ്. ആത്മബന്ധങ്ങള്‍ സിനിമയില്‍ മഷിയിട്ടുനോക്കിയാല്‍ പോലും കാണാനാവില്ല.

സത്യന്‍ അന്തിക്കാടിന്റെയും പ്രിയദര്‍ശന്റെയും ശ്രീനിവാസന്റെയും സിനിമകളില്‍ എത്തിയതു മുതല്‍ ലാല്‍ അഭിനയത്തിന്റെ കൊടുമുടികള്‍ താണ്ടുകയായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *