മോഹൻലാലിനെ തൂക്കിലേറ്റാൻ കൊണ്ടുപോയപ്പോൾ കണ്ണുനിറഞ്ഞു; മഞ്ജു വാര്യർ

വെള്ളിത്തിരയിലെ നായികാവസന്തമാണ് മഞ്ജു വാര്യർ. ഷീല, ജയഭാരതി, ശാരദ, ശോഭന തുടങ്ങിയ നടിമാർക്കു ശേഷം മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് മഞ്ജു. സ്വകാര്യജീവിതത്തിൽ വലിയ വിവാദങ്ങളുണ്ടായപ്പോഴും മഞ്ജുവിനെ സപ്പോർട്ട് ചെയ്ത് ആയിരങ്ങളെത്തി. മോഹൻലാലും മഞ്ജുവും വെള്ളിത്തിരയിൽ തീർത്ത വിസ്മയകഥാപാത്രങ്ങൾ മലയാളി ഒരിക്കലും മറക്കില്ല. ആറാം തമ്പുരാൻ, കന്മദം, ഒടിയൻ, ലൂസിഫർ, എന്നും എപ്പോഴും തുടങ്ങിയ ചിത്രങ്ങളിലെ അവരുടെ കോംബോ ജനപ്രിയമായിരുന്നു. താരം മോഹൻലാലിന്റെ ആരാധികയായിരുന്നു. കുട്ടിക്കാലം മുതലുള്ള മോഹൻലാൽ ചിത്രങ്ങളുടെ ഓർമകൾ മഞ്ജു അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞിട്ടുണ്ട്:

മോഹൻലാൽ വില്ലനും നായകനുമായെത്തുന്ന നിരവധി ചിത്രങ്ങൾ കണ്ടിട്ടുണ്ട്. ആ വലിയ നടനോട് ഉള്ളിൽ ആരാധന രൂപപ്പെടുന്നത് ‘ചിത്രം’ എന്ന സിനിമയിലൂടെയാണ്. നല്ല മഴയുള്ള ഒരു ദിവസമായിരുന്നു അത്. തൃപ്പൂണിത്തുറയിലെ സെൻട്രൽ ടാക്കീസിലേക്ക് മഴക്കോട്ടുമിട്ടാണ് ചിത്രം കാണാൻ പോയത്. തിയറ്ററിനു മുന്നിൽ വലിയ ആൾക്കൂട്ടം തന്നെയുണ്ടായിരുന്നു. കഷ്ടപ്പെട്ടാണ് ടിക്കറ്റ് കിട്ടിയത്. കാണാൻ സാധിച്ചതിൽ ഏറെ സന്തോഷിച്ചെങ്കിലും ഒരു നീറ്റലാണ് ആ ചിത്രം എന്റെയുള്ളിൽ നിറച്ചത്. വിഷ്ണു എന്ന മോഹൻലാലിന്റെ കഥാപാത്രത്തെ തൂക്കിലേറ്റാൻ കൊണ്ടുപോകുമ്പോൾ കണ്ണു നിറഞ്ഞതും ഓർമയിലുണ്ട്.

ഏതു നടിക്കൊപ്പം ലാലേട്ടൻ രംഗത്തെത്തിയാലും സെല്ലുലോയ്ഡിൽ അദ്ഭുതങ്ങൾ നിറയുന്ന ഒരു കോമ്പിനേഷനായി അതു പരിണമിക്കാറുണ്ട്. സ്‌ക്രീനിൽ മാത്രം കണ്ടുപരിചയിച്ച ആ വലിയ നടനെ വരിക്കാശ്ശേരി മനയിൽവച്ച് ആദ്യമായി കാണുമ്പോൾ അദ്ദേഹം ആറാം തമ്പുരാന്റെ വേഷത്തിലായിരുന്നു. എന്നെ കണ്ടപാടെ നമസ്‌കാരം പറഞ്ഞു. നരേന്ദ്രപ്രസാദ് സാറും ശ്രീവിദ്യ ചേച്ചിയും ഒടുവിൽ ഉണ്ണികൃഷ്ണേട്ടനുമെല്ലാം ലൊക്കേഷനിലുണ്ടായിരുന്നു. സെറ്റിലെ നടീനടന്മാർ മുതൽ ലൈറ്റ് ബോയിയോടുവരെ ലാലേട്ടൻ കാണിക്കുന്ന സ്നേഹം എന്നെ അത്ഭുതപ്പെടുത്തി. സൗഹൃദങ്ങൾ തന്നിലേക്ക് അടുപ്പിക്കുകയായിരുന്നില്ല ലാലേട്ടൻ, സൗഹൃദങ്ങളിലേക്ക് സ്വയം ഇറങ്ങിച്ചെല്ലുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *