മുംബൈ എയർപോർട്ടിൽ വച്ച് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ പിടിച്ചുതള്ളി ഷാരൂഖ്; വൈറൽ വീഡിയോ

മുംബൈ എയർപോർട്ടിൽ വച്ച് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ പിടിച്ചുതള്ളി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. താരത്തിന്റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത പെരുമാറ്റത്തിൽ ആരാധകർക്കിടയിൽ വിരുദ്ധ അഭിപ്രായങ്ങൾ പ്രചരിക്കുകയാണ് ഇപ്പോൾ. കാഷ്മീരിലെ ഷൂട്ടിങ് കഴിഞ്ഞ് മുംബൈ എയർപോർട്ടിൽ എത്തിയപ്പോഴാണു സംഭവം.

താരം എത്തിയതറിഞ്ഞു നിരവധി ആരാധകർ അദ്ദേഹത്തെ കാത്തു വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരുന്നു. തന്റെ മാനേജർ പൂജ ഡാഡ്ലാനിക്കൊപ്പമാണ് താരം എയർപോർട്ടിലെത്തിയത്. താരം പുറത്തേക്കെത്തിയതു മുതൽ ആരാധകർ അദ്ദേഹത്തെ വളയുകയും ഫോട്ടോയും സെൽഫിയും എടുക്കുകയുമായിരുന്നു. സുരക്ഷാഉദ്യോഗസ്ഥർ താരത്തിനു വഴിയൊരുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം വിഫലമാകുന്ന ഉന്തുതള്ളുമാണ് വിമാനത്താവളത്തിൽ നടന്നത്.

കഷ്ടപ്പെട്ട് താരം കാറിന്നടുത്തെത്തിയപ്പോൾ ഒരു ആരാധകൻ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ ക്ഷുഭിതനായാണ് താരം ആരാധകനെ പിടിച്ചുതള്ളിയത്. ഉടൻ തന്നെ താരം തന്റെ കാറിലേക്കു ചാടിക്കയറുകയും കാർ വിട്ടുപോകുകയുമായിരുന്നു. അനിയന്ത്രിതമായ തിരക്കിൽ താരം അസ്വസ്ഥനായിരുന്നു. രാജ്കുമാർ ഹിറാനിയുടെ ഡുങ്കി എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കാഷ്മീരിലാണ് ഡുങ്കിയുടെ ചിത്രീകരണം നടക്കുന്നത്. തപ്സി പന്നുവാണ് ചിത്രത്തിലെ നായിക. ഈ വർഷം ചിത്രം തിയേറ്ററുകളിലെത്തും. ഈ ചിത്രത്തിനു പുറമെ, ആറ്റ്ലിയുടെ ജവാൻ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നു. നയൻതാരയാണ് ചിത്രത്തിലെ നായിക. ജൂൺ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *