‘ബോഡിഷെയ്മിംഗ് സ്വീകാര്യമല്ല’: മനസ് തുറന്ന് ഹണി റോസ്

മലയാള സിനിമയിലെ മുന്‍നിര നായികയാണ് ഹണി റോസ്.  ഹണി റോസ് തൻ്റെ ഹെയര്‍സ്‌റ്റൈല്‍ മാറ്റിയത് അടുത്തിടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ മാറ്റത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയുടെ പ്രതികരണത്തെക്കുറിച്ചും ഹണി റോസ് മനസ് തുറക്കുകയാണ്. ഒരു ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ഒരു മാറ്റം ആകട്ടെ എന്ന് കരുതിയാണ് ഹണി റോസ് ഹെയര്‍ സ്‌റ്റൈല്‍ മാറ്റിപ്പിടിക്കാന്‍ തീരുമാനിക്കുന്നത്. ജീവിതം ഒന്നല്ലേയുള്ളു. അതുകൊണ്ട് പരീക്ഷണത്തിന് മുതിര്‍ന്നു എന്നാണ് താരം പറയുന്നത്. ചെയ്തു വന്നപ്പോള്‍ ഇത് കൊള്ളാമെന്ന് എനിക്കും തോന്നി. പച്ച, ചുവപ്പ് അങ്ങനെ പല കളറും നേരത്തേ ചെയ്തിരുന്നു. അതുകൊണ്ട് വ്യത്യസ്തമായൊരു ലുക്ക് നോക്കാം എന്ന് ആദ്യം തന്നെ തീരുമാനിച്ചിരുന്നുവെന്നും താരം പറയുന്നു. അതേസമയം തന്റെ ഒറിജനില്‍ മുടി ചുരുണ്ടതാണെന്നും ആളുകള്‍ കരുതുന്നത് പോലെ സ്‌ട്രെയിറ്റ് അല്ലെന്നും ഹണി റോസ് പറയുന്നുണ്ട്.

അതെല്ലാം താല്‍കാലികമായി സ്‌ട്രെയിറ്റ് ചെയ്‌തെടുക്കുന്നതാണെന്നാണ് ഹണി റോസ് പറയുന്നത്. തന്റെ മുടി യഥാര്‍ഥത്തില്‍ ചുരുണ്ടിട്ടാണ്. ഇപ്പോഴത്തെ ലുക്കില്‍ കാണുന്ന സ്‌റ്റൈലിലാണ് തന്റെ മുടിയുള്ളത്. കളറിങ് മാത്രമാണ് പുതിയതായി ചെയ്തത്. എപ്പോഴും സ്‌ട്രെയിറ്റ് മുടി തന്നെ കാണുമ്പോള്‍ ആളുകള്‍ക്കും വിരസത വരും. ഇനി കുറച്ച് കാലം ഈ ലുക്കില്‍ കാണാമെന്നും താരം പറയുന്നു. അതേസമയം തന്റെ ഹെയര്‍ സ്റ്റൈലിനെക്കുറിച്ചുള്ള ട്രോളുകള്‍ താന്‍ ആസ്വദിക്കാറുണ്ടെന്നും ഹണി റോസ് പറയുന്നു.

”കളര്‍ ചെയ്ത മുടി കൂടി വന്നതോടെ നിറയെ ട്രോളുകളാണ്. കിലുക്കത്തിലെ ജഗതി ചേട്ടനെപോലെയുണ്ട്, മദാമ്മ എന്നെല്ലാം പറഞ്ഞ് ട്രോളുകളുണ്ട്. അതെല്ലാം ഞാന്‍ ആസ്വദിക്കുന്നുണ്ട്. എന്തൊരു ക്രിയാത്മകമായാണ് അവര്‍ പറയുന്നത്. ട്രോളൊക്കെ കണ്ടപ്പോള്‍ ശരിയാണല്ലോ എന്ന് എനിക്കും തോന്നി. രസകരമായ ട്രോളൊക്കെ ഒരുപരിധി വരെ ഞാന്‍ എന്‍ജോയ് ചെയ്യാറുണ്ട്.” എന്നാണ് ട്രോളുകളെക്കുറിച്ച് ഹണി റോസ് പറയുന്നത്.

എന്നാല്‍ ചിലപ്പോഴൊക്കെ ട്രോളുകള്‍ പരിധി വിടാറുണ്ടെന്നും ഹണി റോസ് അഭിപ്രായപ്പെടുന്നുണ്ട്. ബോഡിഷെയിമിങ്ങെല്ലാം ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. അതെല്ലാം വലിയ തോതില്‍ അഫക്റ്റ് ചെയ്യുന്നുണ്ടെന്നും ഹണി റോസ് പറയുന്നു. അതേസമയം, ഇതൊന്നും പാടില്ല എന്ന് നമ്മള്‍ പറഞ്ഞതുകൊണ്ട് മാത്രം ഒന്നും സംഭവിക്കില്ലെന്നും ചെയ്യുന്നവര്‍ കൂടി ഓര്‍ക്കണമെന്നും ഹണി റോസ് പറയുന്നു. ഒരു സമൂഹത്തില്‍ വളരുമ്പോള്‍ ഇത്തരത്തില്‍ ചെയ്യരുതെന്ന് പലരും ഓര്‍ക്കുന്നില്ലെന്നാണ് ഹണി റോസ് പറയുന്നത്. ഒരിക്കലും സ്വീകാര്യമായ കാര്യമല്ല ബോഡിഷെയിമിങ്. ഇന്ന് പലപ്പോഴും അത് അതിരുവിടുന്നുണ്ടെന്നും താരം അഭിപ്രായപ്പെടുന്നു.

അതേസമയം തന്റെ വീഡിയോക്കോ ചിത്രത്തിനോ അശ്ലീല കമന്റുകള്‍ ഇടുമ്പോള്‍ താന്‍ അവിടെ പോയോ പോസ്റ്റിട്ടോ പ്രതികരിക്കാറില്ലെന്നാണ് ഹണി പറയുന്നത്. അത്തരം കമന്റുകളെ തള്ളിക്കളയുന്നതാണ് ഹണിയുടെ പതിവ്. മുഖം പോലുമില്ലാതെ ഫേക്ക് ഐഡിയില്‍ നിന്നും കമന്റിടുന്നവരാണ് അവര്‍. അങ്ങനെ മുഖം പോലുമില്ലാത്ത ഒരാളെപ്പറ്റി താന്‍ എന്ത് പറയാനാണ് എന്നാണ് ഹണി റോസ് ചോദിക്കുന്നത്. അശ്ലീല കമന്റുകള്‍ക്ക് മറുപടി പറയാന്‍ പോയാല്‍ അതിനു മാത്രമേ സമയമുണ്ടാകൂവെന്നും താരം പറയുന്നു.അതേസമയം, കമന്റുകള്‍ പരിധി കടക്കുകയാണെങ്കില്‍ നിയമപരമായി നേരിടുന്നതാണ് നല്ലതെന്നും ഹണി റോസ് പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *