പ്രഭാസ് നായകൻ; ദീപിക പദുകോണിന്റെ ആദ്യ തെലുങ്കു ചിത്രത്തിലെ പ്രതിഫലം കേട്ട് മറ്റു നായികമാർ അമ്പരന്നു

ബോളിവുഡിലെ താരസുന്ദരിമാർ തെന്നിന്ത്യൻ സിനിമകളിലേക്കു ചേക്കേറുന്ന ട്രെൻഡ് കൂടുന്നതായി പുറത്തുവരുന്ന വാർത്തകൾ. തെലുങ്ക്, തമിഴ് ബിഗ് ബജറ്റ് ചിത്രങ്ങളിൽ ബോളിവുഡ് താരറാണിമാർ നായികമാരാകുന്നു. ദീപിക പദുകോൺ, കിയാര അദ്വാനി, ജാൻവി കപൂർ തുടങ്ങിയവരാണ് വിവിധ സിനിമകളിൽ കരാറായിരിക്കുന്നത്. ഇവരുടെ വരവോടെ തെലുങ്കിലേക്കും തമിഴിലേക്കും കൂടുതൽ ബോളിവുഡ് നടിമാരെത്തുമെന്നും റിപ്പോർട്ടുണ്ട്. മലയാളത്തിലേക്കും ബോളിവുഡ് നടിമാരുടെ വരവുണ്ടാകുമെന്ന് ചില പുതു സംവിധായകർ പറയുന്നു.

നാഗ് അശ്വിൻ തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന പേരിടാത്ത തെലുങ്കു ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത് ദീപിക പദുകോൺ ആണ്. സി. അശ്വിനി ദത്ത് നിർമിക്കുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും പ്രധാനകഥാപാത്രമാകുന്നു. ദീപികയെക്കൂടാതെ ബോളിവുഡ് താരം ദിഷ പഠാനിയും പ്രഭാസ് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ദീപിക പദുകോണിന്റെ ആദ്യ തെലുങ്കു ചിത്രമാണിത്. കന്നഡയിലൂടെയാണ് താരം സിനിമാലോകത്തേക്കു പ്രവേശിക്കുന്നത്.

കൊച്ചടിയാൻ എന്ന തമിഴ് ചിത്രത്തിൽ രജനികാന്തിന്റെ നായികയായിട്ടുണ്ട് ദീപിക. ആദ്യ തെലുങ്കു ചിത്രത്തിൽ ദീപികയുടെ പ്രതിഫലം പത്തു കോടി രൂപയാണ്. ദീപികയുടെ പ്രതിഫലത്തുക അറിഞ്ഞ് തെന്നിന്ത്യൻ ചലച്ചിത്രലോകത്തു സജീവമായിനിൽക്കുന്ന താരങ്ങളുടെ നെറ്റി ചുളിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പ്രോജക്ട് കെ എന്ന പേരിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം അടുത്തവർഷം ജനുവരിയിൽ തിയേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *