‘പ്രണയവും വിവാഹവും മിക്കവരുടെയും ജീവിതത്തിൽ സംഭവിക്കുന്നതാണ്’; ആനി

താൻ ആഗ്രഹിച്ച കുടുംബജീവിതമാണ് ഷാജിയേട്ടൻ തനിക്കു നൽകിയതെന്ന് ചിത്ര (ആനി). എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ നഷ്ടപ്പെട്ട എനിക്കു നല്ലൊരമ്മയെ തന്നു. ഒരു പെൺകുട്ടിയെ സംബന്ധിച്ചു ജീവിതത്തിന്റെ പല അവസരങ്ങളിലും അമ്മ ആവശ്യമായി വരും. ഗർഭാവസ്ഥയിലാണ് ആ കുറവു ശരിക്കറിയുന്നത്. പക്ഷേ, അത്തരത്തിലുള്ള വിഷമങ്ങളൊന്നും ഞാനറിഞ്ഞിട്ടില്ല. ഏട്ടന്റെ അമ്മ അറിയിച്ചിട്ടുമില്ല. ഞങ്ങളൊന്നിച്ചു ജീവിതം തുടങ്ങിയപ്പോൾ ഞാനാകെ ആവശ്യപ്പെട്ടത് എന്നെ സിനിമയിലേക്കു തിരിച്ചുപോകാൻ നിർബന്ധിക്കരുതെന്നാണ്.

ഷാജിയേട്ടന്റെ ഇഷ്ടങ്ങളനുസിച്ചു നിൽക്കുന്ന ഭാര്യയാകാനാണ് എനിക്കു താത്പര്യം. ഷാജിയേട്ടനും മക്കളും പിന്നെ, വീടുമാണ് എന്റെ ലോകം. ഒരു പെൺകുട്ടി വേണമെന്നത് ആഗ്രഹമായിരുന്നു. പകരം ദൈവമെനിക്ക് മൂന്ന് ആൺമക്കളെ തന്നു. സാരമില്ല, കുറച്ചുകഴിയുമ്പോൾ മൂന്നു മരുമക്കളെ കിട്ടുമല്ലോ. ഈ വീട്ടിലെ എല്ലാ കാര്യങ്ങൾക്കുമുള്ള ഫൈനൽ ഡിസിഷൻ ഏട്ടന്റേതാണ്.

മക്കൾക്ക് ഒരു കാര്യമിഷ്ടമാണെന്നിരിക്കട്ടെ. ഷാജിയേട്ടനതു സമ്മതിക്കാൻ വഴിയില്ലായെങ്കിൽ പരാതിയുമായി എന്റെയടുത്തു വരും. ഏട്ടൻ സമ്മതം നൽകാത്ത ഒരു കാര്യത്തിനും എന്റെ അനുമതിയും കിട്ടില്ല എന്നാകുമ്പാൾ മൂന്നുപേരും മിണ്ടാതെ പോകും. അഭിനയരംഗത്തേക്കു തിരിച്ചുവരവ് ഉണ്ടാകില്ല. പ്രണയം, വിവാഹം ഇതൊക്കെ മിക്കവരുടെയും ജീവിതത്തിൽ സംഭവിക്കുന്നതാണ്. എന്നാൽ, ഏട്ടൻ എനിക്കു നൽകിയത് ഒരു സ്വർഗം കൂടിയാണെന്നും ചിത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *