പെണ്ണിന്‍റെ പ്രതികാര കഥയുമായി ‘റെജീന’ 23ന് തിയറ്ററുകളില്‍

ഭര്‍തൃമതിയായ പെണ്ണിന്റെ പ്രതികാര കഥയുമായി തമിഴ് ത്രില്ലര്‍ ചിത്രം ‘റെജീന’ 23ന് ലോകമെമ്പാടും റിലീസാകും. പൈപ്പിന്‍ ചുവട്ടിലെ പ്രണയം, സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഡൊമിന്‍ ഡിസില്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാധാരണക്കാരിയായ വീട്ടമ്മയുടെ പ്രതികാര കഥയാണ് വ്യത്യസ്ത രീതിയില്‍ പറയാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ഡൊമിന്‍ ഡിസില്‍വ കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യെല്ലൊ ബിയര്‍ പ്രൊഡക്ഷന്‍ ബാനറില്‍ സതീഷ് നായരാണ് നിര്‍മാണം. ചിത്രത്തിന്റെ സംഗീതവും സതീഷ് നായരാണ് നിര്‍വഹിച്ചിരിക്കുന്നത്. വ്യവസായ പ്രമുഖനായ സതീഷ് നായര്‍ക്ക് സിനിമ പാഷനാണ്.

തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സുനൈനയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്റെ അഭിനയ ജീവിതത്തില്‍ വൈകാരികമായി മനസ്സു കൊണ്ട് ഏറ്റവും അടുത്ത് നില്‍ക്കുന്ന കഥാപാത്രമാണ് ‘ റെജീന ‘ എന്ന് സുനൈന പറഞ്ഞു. നടന്‍ ശരത് അപ്പാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുനൈന, സതീഷ് നായര്‍, എഡിറ്റര്‍ ടോബിന്‍ ജോണ്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ബാവ ചെല്ലദുരൈ, വിവേക് പ്രസന്ന, ബോക്‌സര്‍ ദിനാ, ഋതു മന്ത്ര, അഞ്ചു ഏബ്രഹാം എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *