‘നിങ്ങളുടെ രാഷ്ട്രീയം എന്റെ മേലേക്ക് ഇടണ്ട’; ജൂഡ് ആന്റണിയും കാണികളും തമ്മിൽ വാക്കേറ്റം

കേരള ലിറ്ററേച്ചൽ വേദിയിൽ സംവിധായകൻ ജൂഡ് ആന്റണിയും കാണികളും തമ്മിൽ വാക്കേറ്റം. 2018 സിനിമയിൽ മുഖ്യമന്ത്രിയുടെയും സർക്കാർ സംവിധാനങ്ങളുടെയും പങ്കിനെ അവഗണിച്ചതിനെ കുറിച്ചായിരുന്നു തർക്കം. കാണികൾ ജൂഡ് ആന്റണിയെ നോക്കി കൂവുകയും ചെയ്തു. ഈ സെക്ഷനിൽ താൻ ഇതിനുള്ള ഉത്തരം നൽകിയതാണെന്നും ചോദ്യം ചോദിച്ചയാൾക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും ജൂഡ് ആരോപിച്ചു.

‘നിങ്ങളുടെ രാഷ്ട്രീയം എന്റെ മേലേക്ക് ഇടണ്ട. അത് കയ്യിൽ വച്ചാൽ മതി. ഇത്രയും നേരം സംസാരിച്ചത് മനസിലാകാഞ്ഞിട്ടല്ല. മുഖ്യമന്ത്രിയെ ഞാൻ അപമാനിച്ചിട്ടില്ല. കേരളത്തിന്റെ ഒരുമയെ ആണ് ആ ചിത്രത്തിൽ കാണിച്ച്. അതിനെപറ്റി ഞാൻ സംസാരിച്ചത് മനസിലാകാത്തത് പോലെ നിങ്ങൾ അഭിനയിക്കുകയാണ്. ഒരു രാഷ്ട്രീയവും ഇല്ലാത്ത ആളാണ് ഞാൻ. നിങ്ങളുടെ രാഷ്ട്രീയം എനിക്ക് മനസിലായി. അതുകൊണ്ട് ഉത്തരം പറയാൻ സൗകര്യം ഇല്ല.’- ജൂഡ് പറഞ്ഞു. ചോദ്യം ചോദിച്ചയാളോട് ഏത് ബ്രാഞ്ചിന്റെ സെക്രട്ടറിയാണെന്നും ജൂഡ് ചോദിച്ചു.

ചോദ്യം ചോദിക്കുമ്പോൾ പാർട്ടി മെമ്പറാണോ അല്ലയോ എന്ന് പരിശോധിക്കലല്ല, ഉത്തരം പറയുകയോ പറയാതിരിക്കുകയോ ആണ് ചെയ്യേണ്ടതെന്നും ചോദ്യത്തിന് പകരം ചോദ്യമല്ല ഉത്തരമാണ് വേണ്ടതെന്നും കാണിക്കൾക്കിടയിൽ നിന്ന് ആരോപണമുയർന്നു. ഇതോടെ ജൂഡിനെ പിന്തുണച്ചും ചിലർ രംഗത്തെത്തി. 2018ൽ മുഖ്യമന്ത്രിയെ മോശമായി കാണിച്ചിട്ടില്ലെന്നും നിങ്ങൾ സിനിമയെടുത്തിട്ടു സംസാരിക്കൂവെന്ന് ഈ സമയം വേദിയിണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് പറഞ്ഞു. പിന്നാലെ കാണികൾ കൂവലാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *