നായികമാര്‍ കൊതിക്കുന്ന ഷാരൂഖ് ചിത്രത്തെ നയന്‍സ് ഒഴിവാക്കി; പിന്നില്‍ ഒന്നിലധികം കാരണങ്ങൾ

ഷാരൂഖ്-നയന്‍താര ചിത്രം ജവാന്‍ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ നയന്‍താരയ്ക്ക് ലഭിച്ച ആദ്യ ഷാരൂഖ് ചിത്രം ജവാന്‍ ആയിരുന്നില്ല. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്‌സ്പ്രസ് ആയിരുന്നു. ആ അവസരം നയന്‍സ് വേണ്ടെന്നു വയ്ക്കുകയായിരുന്നു.

നയന്‍താരയുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായിട്ടും ഷാരൂഖിനൊപ്പം ചെന്നൈ എക്‌സ്പ്രസ് ചെയ്യാന്‍ നയന്‍ തയാറാവാത്തതിന് പിന്നില്‍ ഒന്നിലധികം കാരണങ്ങളാണ് അന്നു പറഞ്ഞുകേട്ടത്. നയന്‍സിന്റെ ആദ്യ ബോളിവുഡ് ചിത്രം ജവാന്‍ തിയറ്ററുകളിലെത്തിയതോടെ താരം ചെന്നൈ എക്‌സ്പ്രസ് വേണ്ടെന്നുവച്ച കാര്യം വീണ്ടും ചര്‍ച്ചയാവുകയാണ്. ചെന്നൈ എക്‌സ്പ്രസിലേക്ക് നയന്‍താരയെ ക്ഷണിച്ചത് ദീപിക പദുക്കോണ്‍ അവതരിപ്പിച്ച മീനമ്മ എന്ന കഥാപാത്രത്തിലേക്കായിരുന്നില്ല. 1234 ഗെറ്റ് ഓണ്‍ ദ ഡാന്‍സ് ഫ്‌ളോര്‍ എന്ന ഗാനത്തിനൊപ്പം നൃത്തം വയ്ക്കാനായിരുന്നു. നയന്‍സ് പിന്മാറിയതോടെ ആ ഗാനരംഗത്ത് ഷാരൂഖിനൊപ്പം പ്രിയാമണി എത്തുകയായിരുന്നു. ആ സമയത്ത് തന്റെ കഥാപാത്രത്തിന് പ്രാമുഖ്യം നല്‍കുന്ന ചിത്രങ്ങളില്‍ മാത്രം അഭിനയിക്കുക എന്നതായിരുന്നു നയന്‍താരയുടെ തീരുമാനം. അതുകൊണ്ടുതന്നെ ഒരു ഐറ്റം ഡാന്‍സില്‍ പ്രത്യക്ഷപ്പെടാന്‍ നയന്‍താര ആഗ്രഹിച്ചിരുന്നില്ല എന്നാണ് ഒരു റിപ്പോര്‍ട്ട്.

ഇതുകൂടാതെ ആ ഗാനത്തില്‍നിന്നുള്ള നയന്‍താരയുടെ പിന്മാറ്റത്തിന് പിന്നില്‍ മറ്റൊരു കാരണവും ഉണ്ട്. 1,2,3,4 എന്ന ഗാനത്തിന്റെ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് രാജു സുന്ദരമാണ്. തമിഴ് നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയുടെ സഹോദരനാണ് രാജു സുന്ദരം. നയന്‍താരയും പ്രഭുദേവയും തമ്മില്‍ വേര്‍പിരിഞ്ഞ സമയമായതിനാല്‍ പ്രഭുദേവയുടെ സഹോദരനൊപ്പം ജോലി ചെയ്യാന്‍ നയന്‍താര ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *