ദൈവമേ …..ഇതൊരു ഭാഗ്യമാണ്, ഞാൻ വിമാനത്തിൽ നിന്ന് ചാടി – എന്റെ ദുബായിലേക്ക് എന്ന് തുടങ്ങുന്ന തലക്കേട്ടടെയാണ് നടി നസ്രിയ നസീം സ്കൈ ഡൈവ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും മനോഹരമായ അനുഭവം എന്നാണ് വിഡിയോ പങ്കുവച്ച് നസ്രിയ കുറിച്ചത്. ആകാശത്ത് നിന്നുള്ള ദുബായ് കാഴ്ച്ചകളും വിഡിയോയിലുണ്ട്.കൊച്ചുകുട്ടിയുടെ ആകാംഷയോടെ നസ്രിയ തുള്ളി ചാടി പോകുന്നതും ആകാശപ്പാറക്കൽ വേണ്ടുവോളം ആസ്വദിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും.
‘ഇത് സംഭവിച്ചു … ‘ എന്നും സ്വപ്നങ്ങൾ സാക്ഷാത്കരിച്ചുവെന്നും താരം പങ്കുവച്ച ചിത്രത്തിനൊപ്പം കുറിച്ചിട്ടുമുണ്ട്.
ലോകമെങ്ങുമുള്ള സഞ്ചാരികളുടെ ഹരമായ ബുര്‍ജ് ഖലീഫയും ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഒട്ടനവധി നിര്‍മിതികളും മരുഭൂമി സഫാരിയും ഷോപ്പിങ് മാളുകളും തുടങ്ങി സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് ദുബായ് നല്‍കുന്നത്. ഇക്കൂട്ടത്തില്‍ സാഹസിക പ്രേമികള്‍ക്കിടയില്‍ ഏറെ പ്രിയമുള്ള ഒരു വിനോദമാണ് ആകാശത്ത് പറക്കാനാവുന്ന സ്കൈ ഡൈവിങ്.
ദുബായില്‍ സ്കൈ ഡൈവിങ് ചെയ്യാനായി, ഇൻഡോർ, ഔട്ട്ഡോർ ഓപ്ഷനുകൾ ലഭ്യമാണ്. ദുബായില്‍ ഔട്ട്ഡോര്‍ സ്കൈഡൈവിങ് നടത്താനുള്ള ഏക ഓപ്പറേറ്ററാണ് സ്കൈഡൈവ് ദുബായ്. ലോകോത്തര നിലവാരമുള്ള പരിശീലകർ, വിദഗ്‌ധർ, സുരക്ഷാ നടപടികൾ എന്നിവയ്ക്കൊപ്പമാണ് സ്കൈഡൈവ് ദുബായ് മുന്നിട്ടു നില്‍ക്കുന്നത്.
ഔട്ട്‌ഡോർ സ്കൈ ഡൈവിങ്ങിനായി, പാം ജുമൈറ ദ്വീപ്, ബുർജ് അൽ അറബ്, അറ്റ്‌ലാന്റിസ് ഹോട്ടൽ എന്നിവയുടെ കാഴ്ച നല്‍കുന്ന പാം സോൺ, ഒരു വശത്ത് സമുദ്രത്തിന്റെയും മറുവശത്ത് മരുഭൂമിയുടെയും അതുല്യമായ കാഴ്ചയൊരുക്കുന്ന ഡെസേർട്ട് സോൺ എന്നിങ്ങനെ രണ്ടു സോണുകള്‍ ആണ് ഉള്ളത്. ഒരു പ്രൊഫഷണൽ സ്കൈഡൈവറിനൊപ്പമായിരിക്കും ആകാശയാത്ര.