‘നളിനകാന്തി’; ടി. പത്മനാഭന്റെ ജീവിതകഥ ആദ്യമായി വെള്ളിത്തിരയിൽ

മലയാളത്തിലെ ഏറ്റവും മുതിർന്ന എഴുത്തുകാരിലൊരാളായ ടി. പത്മനാഭന്റെ ജീവിതകഥ ആദ്യമായി സിനിമയാകുന്നു. ടി. കെ പത്മിനി (1940 – 1969) എന്ന വിഖ്യാത മലയാളി ചിത്രകാരിയുടെ ജീവിതകഥ ‘പത്മിനി’ എന്ന പേരിൽ സിനിമയാക്കിയ കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ സുസ്മേഷ് ചന്ത്രോത്ത് ആണ് നളിനകാന്തി എന്ന പേരിൽ ടി. പത്മനാഭന്റെ ജീവിതകഥയും വെള്ളിത്തിരയിലെത്തിക്കുന്നത്. സുസ്മേഷ് ചന്ത്രോത്തിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ‘നളിനകാന്തി’യിൽ ടി. പത്മനാഭനൊപ്പം പ്രമുഖ ചലച്ചിത്രതാരം അനുമോൾ, രാമചന്ദ്രൻ, പത്മാവതി, കാർത്തിക് മണികണ്ഠൻ, ശ്രീകല മുല്ലശ്ശേരി എന്നിവരും ഒന്നിക്കുന്നു.

1931 ൽ കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിലാണ് തിണക്കൽ പത്മനാഭൻ എന്ന ടി. പത്മനാഭന്റെ ജനനം. കഥകൾ മാത്രമെഴുതി മലയാളസാഹിത്യത്തിലും ഇന്ത്യൻ സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ടി. പത്മനാഭന്റെ അനേകം കഥകൾ സിനിമയായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും ചലച്ചിത്രരൂപത്തിലെത്തുന്നത്. കേന്ദ്ര – കേരള സാഹിത്യ അക്കാദമി അവാർഡുകൾ തുടങ്ങി സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള ജ്യോതിയും എഴുത്തച്ഛൻ പുരസ്‌കാരവും വരെ നേടിയ സർഗ്ഗധനനായ എഴുത്തുകാരനാണ് ടി. പത്മനാഭൻ. ജീവിതത്തിൽ ധിക്കാരിയെന്നും നിഷേധിയെന്നും പേരുകേൾപ്പിച്ചിട്ടുള്ള എഴുത്തുകാരന്റെ ജീവിതത്തിലെ ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത സ്വകാര്യജീവിതവും സാഹിത്യസംഭാവനകളും നളിനകാന്തിയിലൂടെ പ്രേക്ഷകസമക്ഷത്തിൽ എത്തുന്നു. മൂന്നുവർഷത്തോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് സുസ്മേഷ് ചന്ത്രോത്ത് നളിനകാന്തി പൂർത്തിയാക്കുന്നത്.

‘നിധി ചാല സുഖമാ’ എന്ന പ്രശസ്തമായ കഥയിലെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എസ്. എൻ. സ്വാമിയാണ്. കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാരും ചിത്രകാരികളുമായ ശ്രീജ പള്ളം, കന്നി എം, സചീന്ദ്രൻ കാറഡുക്ക, സുധീഷ് വേലായുധൻ എന്നിവരുടെ പെയിന്റിംഗുകളും രേഖാചിത്രങ്ങളും സിനിമയുടെ കഥാഗതിയുടെ നിർണ്ണായകഭാഗമാകുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കണ്ണൂർ, പള്ളിക്കുന്ന്, എറണാകുളം, ചെറായി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ‘നളിനകാന്തി’ ജനുവരി മുതൽ പ്രദർശനം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *