‘നല്ല മനുഷ്യർക്കേ അങ്ങനെ പറയാനാകൂ, ചാനലിലൊന്നും ആ പാട്ട് വന്നില്ല’; അലക്‌സ് പോൾ പറയുന്നു

ഗായിക ചിത്രയെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകൻ അലെക്‌സ് പോൾ. ഹലോ എന്ന ചിത്രത്തിലെ ചെല്ലത്താമരേ എന്ന ഗാനം ചിത്ര പാടിയതിനെക്കുറിച്ചാണ് അലക്‌സ് പോൾ സംസാരിച്ചത്. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. ചെല്ലത്താമരേ ചിത്രയുടെ മനസ് അറിഞ്ഞ പാട്ടാണ്. ചിത്ര നല്ല പാട്ടുകാരിയാണെന്ന് നമുക്ക് അറിയാം. പക്ഷെ ആ പാട്ടിൽ ഹിന്ദി പോർഷൻ ഉണ്ട്. ആ ഭാഗം സംഗീത എന്ന കുട്ടിയാണ് പാടിയത്.

ചെന്നൈയിൽ വെച്ച് ചിത്ര പാടി അയക്കുകയാണ് ചെയ്തത്. എനിക്ക് സമയം ഉണ്ടായിരുന്നില്ല. വേറൊരു പടത്തിന്റെ വർക്കിലായിരുന്നു. ഹിന്ദി പോർഷൻ നന്നായി പാടിയിട്ടുണ്ടല്ലോ, അത് തന്നെ ഇട്ടോട്ടെ, ഞാൻ പാടണോ എന്ന് ചോദിച്ചു. നന്നായിട്ട് പാടിയത് കൊണ്ടാണ് അങ്ങനെ ചോദിച്ചത്. ഒരു സിംഗറും പറയാത്ത കാര്യമാണ്. പക്ഷെ അങ്ങനെ പറയണമെങ്കിൽ അത്രത്തോളം നല്ല മനുഷ്യർക്കേ പറ്റൂ.

പുതിയൊരു കുട്ടി വരട്ടെ എന്ന് വിചാരിച്ചിട്ടാണ് ചിത്ര അങ്ങനെ പറഞ്ഞത്. അത് കൊണ്ട് ചിത്രയെ താൻ വളരെ ബഹുമാനിക്കുന്നെന്നും അലെക്‌സ് പോൾ വ്യക്തമാക്കി. തന്റെ കരിയറിലെ മികച്ച ഗാനങ്ങളെക്കുറിച്ചും അലക്‌സ് പോൾ അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്. മാഡ് ഡാഡ് എന്ന സിനിമയിലെ ചെല്ലപ്പാപ്പ എന്ന ഗാനത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നു.

ചാനലിലൊന്നും ആ പാട്ട് വന്നില്ല. പിന്നെങ്ങനെയാണ് ആളുകൾ കേൾക്കുക. പലരും ആ പാട്ട് ചാനലിൽ നിന്ന് എടുത്ത് കളഞ്ഞു എന്ന് കേട്ടു. എന്നോടുള്ള എതിർപ്പ് കൊണ്ടല്ല. രാഷ്ട്രീയമായിരിക്കാം. അങ്ങനെ പറഞ്ഞ് കേൾക്കുന്നു. യൂട്യൂബിൽ ആ പാട്ടിന്റെ വിഷ്വൽസ് കാണുന്നില്ല. പാട്ട് മാത്രം കേൾക്കുന്നുണ്ട്. മാനവതി എന്ന രാഗത്തിലാണ് ചെയ്തത്. ചിത്രയും ജയചന്ദ്രനും കൂടിയാണ് പാടിയത്.

അവർ രണ്ട് പേരും ലോകത്ത് എവിടെ പോയാലും അലക്‌സ് പോൾ സർ ഒരു പാട്ട് ചെയ്തിട്ടുണ്ട്, ഉഗ്രൻ പാട്ടാണ്, ഇതുവരെ ഈ രാഗത്തിൽ ആരും പാടിയിട്ടില്ല എന്ന് പറഞ്ഞു. നന്നായി വിഷ്വലൈസ് ചെയ്ത പാട്ടാണ്. ഞാൻ നെഗറ്റീവായോ പോസിറ്റീവായോ ചിന്തിക്കുന്നില്ല. ആരും ഉപയോഗിക്കാത്ത രാഗങ്ങൾ എടുത്ത് ചെയ്യുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അലക്‌സ് പോൾ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *