ട്രാഫിക്കില്‍ കുരുങ്ങി ബച്ചന്‍; പിന്നെ അപരിചിതന്റെ ബൈക്കില്‍ കൃത്യസമയത്ത് ലൊക്കേഷനില്‍, മലയാളത്തിലെ യുവതാരങ്ങള്‍ കണ്ടുപഠിക്കട്ടെ..!

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസതാരമാണ് അമിതാഭ് ബച്ചന്‍. പകരം വയ്ക്കാനില്ലാത്ത മഹാനടന്റെ പ്രവൃത്തിയില്‍ ആരാധകരും ചലച്ചിത്രലോകവും ഇളകിമറിഞ്ഞിരിക്കുകയാണ്. കൃത്യസമയത്ത് ലൊക്കേഷനിലെത്താത്ത, നിര്‍മാതാക്കളെ കുത്തുപാളയെടുപ്പിക്കുന്ന മലയാളത്തിലെ യുവതാരങ്ങള്‍ ഇതു കണ്ടുപഠിക്കേണ്ടതാണ്. ഒരു വിശേഷണത്തിലും ഒതുങ്ങാത്ത നടന്റെ അര്‍പ്പണബോധം തങ്ങളുടെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കിയാല്‍ യുവതാരങ്ങള്‍ക്കും പിന്തുണയേറും.

കഴിഞ്ഞ ദിവസം ഷൂട്ടിങ് ലൊക്കേഷനിലേക്കു പോകുമ്പോള്‍ ബച്ചന്റെ കാര്‍ ട്രാഫിക് ബ്ലോക്കില്‍ അകപ്പെടുന്നു. കനത്ത ട്രാഫിക് ബ്ലോക്കില്‍ അകപ്പെട്ട താരത്തിനു മനസിലായി തനിക്കു കൃത്യസമയത്ത് ലൊക്കേഷനില്‍ എത്താന്‍ കഴിയില്ലെന്ന്. താന്‍ മൂലം സഹപ്രവര്‍ത്തകര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ താരം ചെയ്ത പ്രവൃത്തിയാണ് എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റിയത്.

ലൊക്കേഷനില്‍ സമയത്തെത്താന്‍ അതുവഴി വന്ന ബൈക്ക് യാത്രക്കാരനോട് ലിഫ്റ്റ് ചോദിച്ചു ബച്ചന്‍. തന്നോട് ലിഫ്റ്റ് ചോദിച്ച ആളെക്കണ്ട് ആദ്യമൊന്നു ഞെട്ടിയ യുവാവ് ബച്ചന് അഭിമാനത്തോടെ ലിഫ്റ്റ് കൊടുത്തു. എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ ബൈക്കിലായിരുന്നു യുവാവ് എത്തിയത്. ബച്ചനും യുവാവും ബൈക്കില്‍ ലൊക്കേഷനിലേക്കു പോകുന്ന ചിത്രം പങ്കുവച്ചത് ബച്ചന്‍ തന്നെയാണ്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ചിത്രം പങ്കുവച്ചത്. ‘ താങ്കളെ എനിക്കറിയില്ല.. എന്നാല്‍, ട്രാഫിക് കുരുക്കള്‍ ഒഴിവാക്കി എന്നെ സമയത്ത് ലൊക്കേഷനിലെത്തിച്ചു. തൊപ്പി വച്ച, ഷോട്‌സും മഞ്ഞ ടീഷര്‍ട്ടും ധരിച്ച താങ്കള്‍ക്കു നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് ബച്ചന്‍ ചിത്രം പങ്കുവച്ചത്. ലക്ഷക്കണക്കിന് ആളുകളാണു ചിത്രം കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *