‘ചിറ്റാ’ അസ്വസ്ഥതയുണ്ടാക്കിയെന്ന് പരാതി, ‘മൃഗ’ത്തിന് കയ്യടിയും; സിദ്ധാർത്ഥ്

ചിറ്റാ എന്ന തന്റെ സിനിമ കണ്ടാൽ അസ്വസ്ഥതയുളവാകുമെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ സിദ്ധാർത്ഥ്. രൺബീർ കപുറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനംചെയ്ത അനിമൽ എന്ന ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ധാർത്ഥിന്റെ മറുപടി. എന്നാൽ ഈ സിനിമയുടെ പേര് അനിമൽ എന്ന് നേരിട്ടുപറയാതെ മൃഗം എന്ന വാക്കാണ് സിദ്ധാർത്ഥ് പ്രയോഗിച്ചത്. ജെ.എഫ്.ഡബ്ലിയൂ പരിപാടിയിലായിരുന്നു താരത്തിന്റെ പരാമർശങ്ങൾ.

ചിറ്റാ എന്ന ചിത്രംകണ്ട ഒരു സ്ത്രീകളും തന്നെയോ സംവിധായകൻ അരുൺ കുമാറിനെയോ സമീപിക്കുകയോ ആ സിനിമ അസ്വസ്ഥതയുണ്ടാക്കിയെന്ന് പറയുകയോ ചെയ്തിട്ടില്ലെന്ന് സിദ്ധാർത്ഥ് പറഞ്ഞു. പക്ഷേ പല പുരുഷന്മാരും തങ്ങളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അത്തരം സിനിമകൾ കാണുകപോലും ചെയ്യില്ലെന്നും അവർ പറഞ്ഞു. എന്നാൽ അത്തരം ആളുകൾ മൃഗം എന്നർത്ഥംവരുന്ന പേരുള്ള സിനിമ ആസ്വദിക്കും. ചിറ്റാ പോലൊരു ചിത്രം കാണുമ്പോൾ അവർ അസ്വസ്ഥരാവുന്നു. അത് അസ്വസ്ഥതയല്ല. നാണക്കേടെന്നോ അപരാധമെന്നോ ഒക്കെയാണ് അതിനെ വിളിക്കേണ്ടത്. ഈ പ്രവണത മാറുമായിരിക്കുമെന്നും സിദ്ധാർത്ഥ് അഭിപ്രായപ്പെട്ടു.

‘തമിഴിലും തെലുങ്കിലും ഒരേസമയം ചിറ്റ റിലീസ് ചെയ്യാനായിരുന്നു പദ്ധതി. പക്ഷേ സിദ്ധാർത്ഥിന്റെ പടം കാണാൻ ആരെങ്കിലും വരുമോയെന്ന് പലരും ചോദിച്ചിട്ടുണ്ട്. നല്ല സിനിമയാണെങ്കിൽ ആളുകൾ തീർച്ചയായും കാണാൻ വരുമെന്നായിരുന്നു എന്റെ മറുപടി. സെപ്റ്റംബർ 28-ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയ്ക്ക് തിയേറ്റർ കിട്ടിയില്ല. ഏഷ്യൻ ഫിലിംസിന്റെ സുനിൽ സാറാണ് ഈയവസരത്തിൽ ഒപ്പം നിന്നത്. ഇത്രയും നല്ലൊരു സിനിമ ഞാനെന്റെ കരിയറിൽ ചെയ്തിട്ടില്ല. ആ സിനിമയിൽ എന്താണുള്ളതെന്ന് വീണ്ടും പറയേണ്ട ആവശ്യമില്ല. നിങ്ങൾ സിനിമയിൽ വിശ്വസിക്കുകയും അതാസ്വദിക്കുകയും ചെയ്യുമെങ്കിൽ സിനിമ കാണണം. കണ്ടതിന് ശേഷം ഇനി സിദ്ധാർത്ഥിന്റെ ചിത്രങ്ങൾ കാണേണ്ടതില്ല എന്ന് തോന്നുകയാണെങ്കിൽ ഞാൻ ഇതുപോലെ പത്രസമ്മേളനം വിളിക്കില്ല.’ സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *