ഗോസ്റ്റ് ഹൗസിൻറെ ചിത്രീകരണവേളയിൽ ധാരാളം ഇടി കിട്ടി…, ശരീരം നീരുവച്ചു: രാധിക

ജനപ്രിയ സംവിധായകരിലൊരാളായ ലാൽജോസിൻറെ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് രാധിക മലയാളികളുടെ മനസിൽ ഇടംപിടിക്കുന്നത്. അതിലെ റസിയ എന്ന കഥാപാത്രത്തിൻറെ പേരിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്. രാധിക എന്നും വിളിക്കുന്നതിനേക്കാളും റസിയ എന്നാണ് ആളുകൾ വിളിക്കുന്നത്. വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് രാധിക സിനിമയിൽ തുടക്കമിട്ടത്. വിവാഹത്തോടെ അഭിനയരംഗത്തുനിന്നു വിട്ടുനിന്നെങ്കിലും മഞ്ജു വാര്യർ പ്രധാനകഥാപാത്രമായ ആയിഷ എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവു നടത്തിയിരുന്നു താരം.

ലൊക്കേഷനിലെ രസകരമായ അനുഭവങ്ങൾ പറയുമ്പോഴാണ് ഗോസ്റ്റ് ഹൗസിലെ ഓർമകൾ പങ്കുവച്ചത്. ചിത്രീകരണവേളയിൽ തനിക്കുനേരിട്ട ശാരീരിവെല്ലുവിളികളാണ് രാധിക തുറന്നുപറഞ്ഞത്:

ഗോസ്റ്റ് ഹൗസ് ചെയ്യുന്ന സമയത്ത് ഇടിയും തൊഴിയുമൊക്കെ കൊള്ളാൻ എനിക്കൊരു ഡ്യൂപ്പിനെ കൊണ്ടുവന്നിരുന്നു. വേണുച്ചേട്ടനായിരുന്നു ഗോസ്റ്റ് ഹൗസിൻറെ ക്യാമറാമാൻ. കുഞ്ഞ് എന്നാണ് വേണുച്ചേട്ടൻ എന്നെ വിളിക്കുന്നത്. കാരണം എൻറെ ആദ്യ സിനിമയായ വിയറ്റ്‌നാം കോളനിയിലും വേണുച്ചേട്ടനാണ് ക്യാമറ ചെയ്തത്. അന്നും കുഞ്ഞ് എന്നാണ് വിളിച്ചിരുന്നത്. അത് പിന്നെ മാറിയില്ല.

ഡ്യൂപ്പ് വേണ്ട, കുഞ്ഞ് തന്നെ ചെയ്‌തോളും എന്ന് വേണുച്ചേട്ടൻ പറഞ്ഞു. അതിൻറെ റിസ്‌ക് ഫാക്ടേഴ്‌സ് ഒന്നും അപ്പോൾ എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് ആവേശത്തിൽ ഞാൻ തന്നെ ചെയ്‌തോളാം എന്ന് പറഞ്ഞു. ചെറിയ ഇടിയും തൊഴിയും വീഴ്ചയുമൊക്കെയായിരുന്നു. എന്നാൽ കുറേദിവസം കഴിഞ്ഞപ്പോൾ ക്ഷീണം വന്നു തുടങ്ങി.

ഒരാഴ്ച പിന്നിട്ടപ്പോൾ നടക്കാൻ പറ്റാത്ത അവസ്ഥയായി. ശരീരം മുഴുവൻ നീരുവച്ചു. ഇത് കണ്ടതോടെ വീട്ടിൽ പോയി നാലു ദിവസം വിശ്രമിച്ച് വരാൻ സംവിധായകൻ പറഞ്ഞു. പിന്നീട് ഒരഴ്ചയ്ക്ക് ശേഷമാണ് ഞാൻ സെറ്റിലെത്തിയത്, രാധിക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *