കൽപ്പന മരിച്ചപ്പോൾ അമ്മ ആശ്വസിച്ചത് എന്റെ മകളെ കണ്ടാണ്, അവളുടെ മകൾ എന്നെ പോലെ; ഉർവശി പറയുന്നു

കൽപ്പന മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും നടിയെ പ്രേക്ഷകർ മറന്നിട്ടില്ല. തന്നേക്കാൾ മികച്ച നടിയായിരുന്നു ചേച്ചി കൽപ്പന എന്നാണ് ഉർവശി എപ്പോഴും പറയാറുള്ളത്. അർഹിച്ച അം​ഗീകാരങ്ങളും അവസരങ്ങളും കൽപ്പനയ്ക്ക് ലഭിച്ചില്ലെന്ന വിഷമവും ഉർവശിക്കുണ്ട്. ഉർവശിയെക്കുറിച്ചുള്ള രസകരമായ പല കഥകളും ആരാധകർ അറിഞ്ഞത് കൽപ്പനയുടെ അഭിമുഖങ്ങളിലൂടെയാണ്. താൻ എടുത്ത് കൊണ്ട് നടന്ന കുട്ടിയാണ് ഉർവശി, അവളുമായി പ്രശ്നമൊന്നുമില്ലെന്നും ചെറിയ അകൽച്ചയേ ഉള്ളൂയെന്നും ഒരിക്കൽ കൽപ്പന പറഞ്ഞിട്ടുണ്ട്.

ഉർവശിയുടെ കുടുംബത്തിലെ പുതിയ തലമുറ അഭിനയ രം​ഗത്തേക്ക് കടന്ന് വരാനുള്ള ഒരുക്കത്തിലാണ്. ഉർവശിയുടെ മകൾ തേജാലക്ഷ്മിയും കൽപ്പനയുടെ മകൾ ശ്രീമയിയുമാണ് സിനിമാ ലോകത്തേക്ക് എത്തുന്നത്. രണ്ട് പേരും അമ്മമാരെ പോലെ ഉയരങ്ങളിലെത്തുമെന്ന പ്രതീക്ഷ പ്രേക്ഷകർക്കുണ്ട്. ഇപ്പോഴിതാ രണ്ട് പേരെക്കുറിച്ചും സംസാരിക്കുകയാണ് ഉർവശി. തന്റെ മകൾ തേജാലക്ഷ്മിയുടെ സ്വഭാവ പ്രകൃതം കൽപ്പനയുടേത് പോലെയാണെന്ന് ഉർവശി പറയുന്നു. അമൃത ‌ടിവിയോടാണ് പ്രതികരണം. മിനി ചേച്ചിയുടെ (കൽപ്പന) തമാശകളെല്ലാം അങ്ങനെ തന്നെ പകർത്തിയിരിക്കുന്നത് എന്റെ മോളിലാണ്. മിനി ചേച്ചി മരിച്ച ശേഷം അവളെ പോലെ എന്റെ മകൾ പെരുമാറുന്നത് കണ്ടാണ് എന്റെ അമ്മ ആശ്വസിച്ചത്. അവളുടെ മകൾ കൊച്ചിലേ ഞാൻ പെരുമാറുന്ന പോലെയാണ്. പക്വതയോടെ കൈകാര്യം ചെയ്യാനറിയാം.

ഹ്യൂമർ പെർഫോം ചെയ്യാൻ അവൾക്ക് ഇഷ്‌ടമാണ്. പക്ഷെ വീട്ടിൽ അധികം പ്രയോ​ഗമില്ലെന്നും ഉർവശി പറഞ്ഞു അടുത്തിടെ നൽകിയ അഭിമുഖത്തിൽ ശ്രീമയിയും ഉർവശിയെക്കുറിച്ചും അമ്മ കൽപ്പനയെക്കുറിച്ചും സംസാരിച്ചിരുന്നു. അവർ സിനിമാ തിരക്കുകളിലായിരുന്നതിനാൽ കുട്ടിക്കാലത്ത് കൂടുതൽ സമയം ഒരുമിച്ചുണ്ടായിരുന്നില്ല. മുത്തശ്ശിയെയാണ് താൻ അമ്മ എന്ന് വിളിച്ചതെന്നും ശ്രീമയി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *