‘എന്റെ വല്ല പുറത്തുമാണ് തട്ടിയതെങ്കിൽ ചെപ്പ അടിച്ച് തിരിച്ചുകളഞ്ഞേനെ’; ആറാട്ടണ്ണനെതിരെ സാബു മോൻ

ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ നടൻ സാബു മോൻ ​രംഗത്ത്. സെലിബ്രിറ്റികൾ ഞങ്ങൾക്ക് തോന്ന്യാസം കാണിക്കാനുള്ളതാണെന്ന് വേറെ ചിലർ വിചാരിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാബു മോൻ.

‘ഒരിക്കൽ ഞാനൊരു വീഡിയോ കണ്ടു. നന്ദു ചേട്ടൻ ചായ കുടിച്ചോണ്ടിരിക്കുകയാണ്. പുള്ളി പോയി കൈകൊടുത്തു. പോകാൻ നേരം ചേട്ടന്റെ തോളിൽ തട്ടിക്കൊണ്ടിരുന്നു. ഞാൻ നന്ദു ചേട്ടനോട് ചോദിച്ചു, ചേട്ടാ പുറത്തുതട്ടിയ അവന്റെ ചെവിക്കല്ല് അടിച്ചുതെറിപ്പിക്കേണ്ടേ എന്ന്. ഞാൻ വല്ലതും ചെയ്തിട്ടുവേണം സോഷ്യൽ മീഡിയയിലുള്ളവർ എന്നെ തെറിവിളിക്കാൻ. എടാ അത്‌ വേറൊരു ലോകമാടാ, ഞാൻ എന്തോ ചെയ്യാനാണെന്ന് നന്ദു ചേട്ടൻ പറഞ്ഞു.

ആരാണ് അയാൾ? എന്റെ വല്ല പുറത്തുമാണ് തട്ടിയതെങ്കിൽ ചെപ്പ അടിച്ച് തിരിച്ചുകളഞ്ഞേനെ. ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് കടന്നുകയറാൻ അവന് എന്ത് അധികാരമാണുള്ളത്? നിങ്ങൾ കുറേപ്പേർ ചേർന്ന് ഏതോ ഒരു ഊളനെ, അയാൾ മാനസികമായി ഓക്കെയല്ല. അയാളെ ഇങ്ങനെ കൊണ്ടുവന്നുവയ്ക്കുകയാണ് നിങ്ങൾ. അയാൾ ഒരാളുടെ പേഴ്സണൽ സ്‌പേസിൽ, ഒരാളുടെ തോളിൽ തട്ടിയിട്ട് പോകുകയാണ്. അത് നന്ദു ചേട്ടൻ സഹിക്കുകയാണ്. ഞാനിനി പ്രതികരിച്ചാൽ എല്ലാവരും കൂടെ വിമർശിക്കുമെന്നാണ് നന്ദു ചേട്ടന്റെ ടെൻഷൻ. ഇവരെല്ലാം തിരുവനന്തപുരം മാഫിയയാണെന്ന് അവൻ തിരിഞ്ഞുനിന്ന് പറയുകയാണ്. എന്ത് മാഫിയ. ഒരു മര്യാദ വേണ്ടേ. നിങ്ങളെപ്പോലുള്ളവരാണ് അയാളെ സെലിബ്രിറ്റികൾ എന്ന് പറയുന്നത്. ഒരാളുടെ ശരീരത്തിലേക്ക് കടന്നുകയറാൻ ആർക്കാണ് അധികാരമുള്ളത്? പുള്ളിക്ക് ഷെയ്ക്ക് ഹാൻഡ് കൊടുക്കണമെന്ന് നിർബന്ധമാണോ? നിത്യാ മേനൻ എന്ന് പറയുന്ന നടിയെ നിരന്തരമായി ശല്യം ചെയ്യുകയാണ്. അവർക്ക് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ്. എന്റെ വീട്ടിലെ പെങ്കോച്ചുങ്ങളെയാണ് ഇങ്ങനെ പറഞ്ഞതെങ്കിൽ അവനെ കൊന്നിട്ട് ഞാനിപ്പോൾ ജയിലിലായേനെ.’- സാബു മോൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *