ആനക്കുട്ടിയുടെ സെക്യൂരിറ്റി കണ്ടോ; ലോകത്തില്‍ ആര്‍ക്കുണ്ട് ഇത്രയും സുരക്ഷയെന്ന് കാഴ്ചക്കാര്‍, വീഡിയോ വൈറല്‍

ആനകളുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ ധാരാളമായി പങ്കുവയ്ക്കാറുണ്ട്. അവയെല്ലാംതന്നെ വൈറലാകാറുമുണ്ട്. അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, മാങ്ങാക്കൊമ്പന്‍, പടയപ്പ എന്നീ ആനകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വീഡിയോയുമാണല്ലോ ഇപ്പോള്‍ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നത്.

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒരു ആനക്കുട്ടിയുടെ വീഡിയോ ആണു നിറഞ്ഞുനില്‍ക്കുന്നത്. ഒരു കൂട്ടം ആനകളോടൊപ്പം കളിച്ചുരസിച്ചുനടക്കുന്ന ആനക്കുട്ടിയുടെ വീഡിയോ കാണാന്‍തന്നെ കൗതുകകരമാണ്. ആനക്കുട്ടി ഒരുകൂട്ടം ആനകളോടൊപ്പം റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇന്ത്യയിലാണു സംഭവമെങ്കിലും സ്ഥലം വ്യക്തമാക്കിയിട്ടില്ല.

ഗബ്രിയേല്‍ കോര്‍നോ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പില്‍ ആനക്കൂട്ടത്തിന് തങ്ങളുടെ നവജാതശിശുവിനു നല്‍കാന്‍ കഴിയുന്ന അസാധാരണമായ സുരക്ഷയും പരിചരണവും എടുത്തുപറയുന്നു. അപകടങ്ങളില്‍നിന്നു കുട്ടിയാനയെ സംരക്ഷിക്കാനുള്ള മുന്‍കരുതലുകളും വീഡിയോയില്‍ കാണാം.

ജൂണ്‍ അഞ്ചിനാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. നൂറുകണക്കിന് ലൈക്കുകളും വീഡിയോയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നു. ആനകള്‍ക്കിടയിലെ ഐക്യവും ഒരുമയുള്ള ജീവിതവുമാണ് വീഡിയോ തെളിയിക്കുന്നതെന്ന് ആളുകള്‍ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *