‘അഭിനയം സ്വപ്നത്തിൽ പോലുമില്ലായിരുന്നു, അമ്മ കടം വാങ്ങിയ 25,000 രൂപ തിരിച്ച് കൊടുക്കാനാണ് നടനായത്’; സൂര്യ

ചെറുപ്പത്തിൽ അഭിനയം എന്നത് തന്റെ സ്വപ്നത്തിൽ പോലുമില്ലായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തമിഴ് സൂപ്പർ താരം സൂര്യ ഒരു അഭിമുഖത്തിൽ. അമ്മ എടുത്ത 25,000 രൂപയുടെ കടം വീട്ടുന്നതിനുവേണ്ടിയാണ് സിനിമയിലെത്തിയതെന്നും സൂര്യ പറഞ്ഞു.

‘സിനിമയിൽ അഭിനയിക്കണം, നടനാകണം എന്ന ചിന്ത ഒരിക്കലും ഉണ്ടായിട്ടില്ല. സ്വന്തമായി ബിസിനസ് നടത്തണമന്നായിരുന്നു മോഹം. ആദ്യ പടിയായി വസ്ത്രവ്യാപാര രംഗത്ത് ജോലിചെയ്തു. ട്രെയിനിയായി ജോലിയിൽ കയറി. 15 ദിവസത്തെ ജോലിക്ക് 750 രൂപയായിരുന്നു പ്രതിഫലം. മൂന്ന് വർഷം കഴിഞ്ഞതോടെ പ്രതിമാസം 8000 രൂപവെച്ച് കിട്ടി. ഒരിക്കൽ സ്വന്തമായി ഒരു കമ്പനി തുടങ്ങണമെന്നും അച്ഛൻ അതിലേക്ക് മൂലധനമായി ഒരു കോടി രൂപ നൽകുമെന്നുമായിരുന്നു പ്രതീക്ഷ. അന്ന് അഭിനയം എന്നത് അജൻഡയിലുണ്ടായിരുന്നില്ല’ സൂര്യ പറഞ്ഞു.

എന്നാൽ ഇതിനിടെ അച്ഛനറിയാതെ അമ്മ വരുത്തിവെച്ച 25,000 രൂപ കടം കാരണമാണ് സിനിമയിലെത്തിയതെന്ന് സൂര്യ വ്യക്തമാക്കി. തങ്ങളുടെ ബാങ്ക് ബാലൻസ് ഒന്നോ ഒന്നര ലക്ഷമോ മാത്രമേ ഉണ്ടാവൂ. അച്ഛന് ശമ്പളത്തിന്റെ കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നില്ല. ശമ്പളം വരുന്നതുവരെ കാത്തിരിക്കും. അക്കാലത്ത്, അച്ഛൻ ആറ് മാസത്തിലധികമോ പത്ത് മാസത്തിലധികമോ തുടർച്ചയായി ജോലി ചെയ്തിരുന്നില്ലെന്നും സൂര്യ അഭിമുഖത്തിൽ വ്യക്തമാക്കി.

നടന്റെ മകനെന്ന നിലയിൽ നിരവധി അവസരങ്ങളുണ്ടായിരുന്നു. എന്നാൽ മണിരത്നം ചിത്രത്തിന്റെ ഭാഗമാവാൻ ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ, അമ്മയുടെ ലോൺ അടയ്ക്കാനായി അതിന് സമ്മതംമൂളി. സിനിമയിലെത്തുമെന്ന വിചാരമോ ക്യാമറയ്ക്ക് മുന്നിൽ മുഖംനൽകാനുള്ള ആഗ്രഹമോ ഉണ്ടായിരുന്നില്ല. അഭിനേതാവ് ആകണമെന്ന് സ്വപ്നം കണ്ടിരുന്നുമില്ല. അമ്മ വാങ്ങിയ 25,000 രൂപ കടം തിരിച്ചുകൊടുക്കണം, ‘നിങ്ങളുടെ കടം വീട്ടി, ഇനി ആശങ്കപ്പെടേണ്ട’ എന്ന് അമ്മയോട് പറയണമായിരുന്നു. അത് ഉദ്ദേശിച്ചാണ് സിനിമാ കരിയർ തുടങ്ങിയത്. അതാണ് ഇന്ന് കാണുന്ന സൂര്യ – അദ്ദേഹം പറഞ്ഞു.

1997-ൽ പുറത്തിറങ്ങിയ നെരുക്കുനേർ ആണ് സൂര്യയുടെ ആദ്യ ചിത്രം. മണിരത്നത്തിന്റെ നിർമാണത്തിൽ വസന്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് ആണ് നായകനായി അഭിനയിച്ചത്. തമിഴ് നടൻ ശിവകുമാറിന്റെ മകനാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *